റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ ഗതാഗത നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ പിടി വീഴുമെന്നുറപ്പ്. ഈ വർഷം ഏപ്രിൽ 18 വ്യാഴാഴ്ച മുതൽ ആറ് മാസക്കാലം നടപ്പിലാക്കാൻ തുടങ്ങിയ പുതിയ 25 ശതമാനം പിഴ ഇളവുകളെക്കുറിച്ച് സൗദി ട്രാഫിക് വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ 25 ശതമാനം ഇളവിൽ ഉൾപ്പെടാത്ത ഒമ്പത് ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ട്രാഫിക് വകുപ്പ്. അവ ഏതെല്ലാമാണെന്ന് അറിയാം.
റോഡുകളിൽ വാഹനമുപയോഗിച്ച് നടത്തുന്ന അഭ്യാസവും ഓവർടേക്ക് അല്ലെങ്കിൽ അമിത വേഗതയായി കണക്കാക്കും. ഡ്രൈവിങ് സ്ക്കൂൾ അല്ലെങ്കിൽ അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, വാഹന ഭാരം, അളവുകൾ, വാഹന പരിശോധന എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, വർക്ക്ഷോപ്പ് ലംഘനങ്ങൾ, ഡ്രൈവിങ് ലൈസൻസുകൾ അല്ലെങ്കിൽ വാഹന ലൈസൻസുകൾ കണ്ടുകെട്ടൽ, അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നതിന്റെ ലംഘനങ്ങൾ, വാഹന വിൽപന കേന്ദ്ര ലംഘനങ്ങൾ, രാജ്യത്തിന് പുറത്ത് വാഹനങ്ങളുടെ വിൽപ്പനയും നശീകരണവും തുടങ്ങിയവയാണ് മറ്റ് നിയമലംഘനങ്ങൾ.
കഴിഞ്ഞ ഏപ്രിൽ നാലിനായിരുന്നു സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻന്റെയും നിർദേശത്തെ തുടർന്ന് സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം വലിയ രീതിയിൽ ഇളവ് പ്രഖ്യാപിച്ചത്. ഈ വർഷം ഏപ്രിൽ 18 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്ക് 50 ശതമാനവും അതിനു ശേഷം രേഖപ്പെടുത്തുന്ന ലംഘനങ്ങൾ 25 ശതമാനവും ഇളവ് അനുവദിക്കുന്നതാണ് തീരുമാനം. ഈ ഇളവുകൾ ആറ് മാസത്തേക്ക് തുടരും.