ഈ വർഷം ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകൾ തിയ്യറ്ററുകളിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. തൊട്ടതെല്ലാം പൊന്നെന്ന് പറയും പോലെ റിലീസ് ചെയ്ത പടങ്ങൾ എല്ലാം അൻപത് കോടി ക്ലബ്ബിലും നൂറ് കോടി ക്ലബ്ബിലുമെല്ലാം ഇടം നേടുകയും ചെയ്തു. അത്തരത്തിൽ യുവതാരനിര അണിനിരന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ‘പ്രേമലു’. ഇപ്പോഴിതാ ‘പ്രേമലു’വിനു രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ആരാധകർക്കിടയിലെ ആവേശം കൂട്ടിയിരിക്കുകയാണ്. സംവിധായകൻ ഗിരീഷ് എ.ഡി. തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊച്ചിയിൽ നടന്ന പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രഖ്യാപനം.
ആദ്യ ഭാഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരും തന്നെയാണ് രണ്ടാം ഭാഗത്തിലുമുണ്ടാകുക. ഭാവന സ്റ്റുഡിയോസ് തന്നെയാണ് നിർമാണം. മലയാളത്തിനു പുറമെ തമിഴ്–തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനാണ് ഇത്തവണ പദ്ധതി.
ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിലെ ബോക്സ്ഓഫിസ് റെക്കോർഡുകൾ മാറ്റിമറിച്ചിരുന്നു. 12.50 കോടി മുടക്കിയ സിനിമയുടെ ആഗോള കലക്ഷൻ 135 കോടിയായിരുന്നു. 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രവും പ്രേമലുവാണ്.