ഈ വർഷം ഇറങ്ങിയ മലയാള സിനിമകൾ തിയ്യറ്ററുകളിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. തൊട്ടതെല്ലാം പൊന്നെന്ന് പറയും പോലെ റിലീസ് ചെയ്ത പടങ്ങൾ എല്ലാം അൻപത് കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. ഓസ്‌ലറും പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും ആടുജീവിതവുമെല്ലാം ലോകത്തിന് മുന്നിൽ മലയാള സിനിമാ മേഖലയുടെ മുഖം മാറ്റി. നിരവധി അന്യഭാഷ നടീ നടന്മാരും സംവിധായകരും മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവരും മലയാള സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വരുകയും ചെയ്തിരുന്നു.
നസ്ലിനും മമിത ബൈജുവും നായികാ നായകന്മാരായെത്തിയ പ്രേമലുവിനെ പ്രശംസിച്ചുകൊണ്ട് നടി നയൻതാര രംഗത്ത്വന്നിരുന്നു. അതിന് പിന്നാലെ മലയാളം സിനിമയെ പ്രശംസിച്ചുകൊണ്ട് ഭർത്താവും തമിഴ് സംവിധായകനുമായ വിഘ്നേഷ് ശിവനും എത്തിയിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം ആവേശത്തെകുറിച്ചാണ് താരം അഭിപ്രായം പങ്കുവച്ചത്. ആവേശം തന്നെ അതിശയിപ്പിച്ചുവെന്ന് വിഘ്നേഷ് കുറിച്ചു.
‘ആവേശം ഒരു ഔട്ട്‌സ്റ്റാന്‍ഡിങ് സിനിമ.. ഫാഫ അയ്യാ, നിങ്ങള്‍ മറ്റൊരു ഗ്രഹത്തിൽ നിന്നാണ് വന്നതെന്ന് തോന്നുന്നു. ഭ്രാന്തമായി എഴുതുകയും അതിശയകരമായി നടപ്പാക്കുകയും ചെയ്ത ഒരു സിനിമയാണിത്. മലയാള സിനിമ എല്ലാം തകര്‍ത്തെറിഞ്ഞ് മുന്നോട്ട് പോവുകയാണ്. ജിത്തു മാധവനും സുഷിന്‍ ശ്യാമിനും സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ ‘ -വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്. ആദ്യ ദിവസം കേരളത്തില്‍ നിന്നും 3.5 കോടിയാണ് ചിത്രം നേടിയത്. ആഗോള ബോക്സോഫീസ് കളക്ഷനിൽ 10.57 കോടിയായിരുന്നു ഓപ്പണിങ് കളക്ഷൻ. നിലവില്‍ 65 കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്.