സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ വ്യാപക ആക്രമണം. 323 പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് പൊലീസ് ഇന്ന് കരുതല്‍ തടങ്കലിലാക്കിയത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റിയില്‍ മാത്രം 14 പേര് അറസ്റ്റിലായത്.റൂറല്‍ ഡിവിഷനില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് നടപടിയെടുത്തത്.
ഈരാറ്റുപേട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ 87 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എറണാകുളത്ത് എംജി റോഡില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
ഹര്‍ത്താല്‍ അനുകൂലികള്‍ 51 ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞതായി കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസി ഇന്ന് 2439 സര്‍വീസുകൾ നടത്തി. മൊത്തം സര്‍വീസിൻ്റെ 62 ശതമാനം ഇന്ന് നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ എട്ട് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 30 ലക്ഷം രൂപയിലധികം നാശനഷ്ടമുണ്ടായതായി ഗതാഗതമന്ത്രി വ്യക്തമാക്കി. നഷ്ടം സഹിച്ചാണെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.