ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് വ്യക്തികളിൽ ഒരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികയിൽ ലോകനേതാക്കളുടെ വിഭാഗത്തിലാണ് ഖത്തർ പ്രധാനമന്ത്രിയും ഇടംപിടിച്ചത്. നയതന്ത്ര മികവിലും, വിവിധ അന്താരാഷ്ട്ര വിഷയങ്ങളിലെ ശക്തമായ ഇടപെടലുകളുമായി സജീവമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ മികവിനുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം. മാത്രമല്ല, ആഗോളതലത്തിൽ ഖത്തർ നടത്തിയ പല നിർണായക ഇടപെടലുകൾക്കും മധ്യസ്ഥ ശ്രമങ്ങൾക്കും നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകൾ കൊണ്ട് മാത്രം തന്ത്രപ്രധാനമായ പല കാര്യങ്ങളിലും പരിഹാരമുണ്ടായിട്ടുണ്ട്.
‘ഇസ്രായേലിനും ഹമാസിനുമിടയിലെ വിശ്വസ്തനായ മധ്യസ്ഥൻ’ എന്നാണ് ടൈം മാഗസിൻ ഖത്തർ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്. മാത്രമല്ല, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമെന്ന നിലയിൽ ഇരട്ട ചുമതലകൾ വഹിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ വിവിധ നയതന്ത്ര ഇടപെടലുകളെയും ടൈം എടുത്തു പറഞ്ഞിട്ടുമുണ്ട്. ഏറ്റവും ഒടുവിലായി ഗസ്സ യുദ്ധത്തിൽ നവംബറിൽ നടപ്പായ ഒരാഴ്ച നീണ്ട വെടിനിർത്തലിനും, നൂറോളം ബന്ദികളുടെ മോചനത്തിനും ഖത്തർ പ്രധാനമന്ത്രിയുടെ ഇടപെടലുകൾ നിർണായക പങ്ക് വായിച്ചിട്ടുണ്ട്. കൂടാതെ, അമേരിക്ക -ഇറാൻ ബന്ദി മോചനം, റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ സമാധാന ചർച്ചയും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മോചനം, അഫ്ഗാനിൽനിന്നുള്ള സേനാ പിൻമാറ്റം, താലിബാൻ- അമേരിക്ക ദോഹ ഉടമ്പടി, താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിൽനിന്നും വിദേശികൾ ഉൾപ്പെടെ 60,000ത്തോളം പേരെ ഒഴിപ്പിക്കൽ തുടങ്ങി അന്താരാഷ്ട്ര ശ്രദ്ധനേടിയ വിഷയങ്ങളിലെ നയതന്ത്ര മികവുകൾ ഖത്തർ പ്രധാനമന്ത്രിയുടെ പൊൻതൂവലായി മാറി.
അതേസമയം, യു.എസ് വെനസ്വേല തടവുകാരുടെ കൈമാറ്റവും സുഡാനിലെ മധ്യസ്ഥ ശ്രമങ്ങളും ചാഡിലെ സമാധാന കരാറുമെല്ലാം ഖത്തർ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തിൽ പരിഹാരം കണ്ടെത്തിയ വിഷയങ്ങളാണ്. 2022 ഫിഫ ലോകകപ്പിൽ ഖത്തറിന്റെ ആതിഥേയത്വത്തിനെതിരെ പശ്ചാത്യ രാജ്യങ്ങൾ നടത്തിയ വിമർശനങ്ങളെ നയതന്ത്രപരമായി നേരിടാനും ആഗോള വേദികളിൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി നേതൃത്വം നൽകിയാത്ര ലോകാശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഖത്തർ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടിയ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി 2003ൽ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിൽ സാമ്പത്തിക ഗവേഷകനായി ചുമതലയേറ്റാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. പിന്നീട് 2005 മുതൽ 2009 വരെ സാമ്പത്തികകാര്യ മേധാവിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സർക്കാർ പദ്ധതികളിലും മറ്റും നേതൃപരമായ പങ്കുവഹിച്ചതിന് ശേഷം 2013ൽ അന്താരാഷ്ട്ര സഹകരണ കാര്യങ്ങളുടെ അസി.വിദേശകാര്യ മന്ത്രിയായി നിയമിതനായി. 2016ൽ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റു. ഏറ്റവും ഒടുവിൽ, 2023 മാർച്ച് 7 ഖത്തർ പ്രധാനമന്ത്രിയായും ചുമതലയേറ്റുകൊണ്ട് മാതൃകയാവുന്ന തരത്തിലുള്ള മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചുകൊണ്ട് അദ്ദേഹം ലോകത്തിന് മുഴുവൻ സ്വീകാര്യനാവുകയാണ്.