സൗദി അറേബ്യയിൽ ജയിൽ മോചനം കാത്തുകഴിയുന്ന മലയാളി അബ്ദു റഹീമിൻ്റെ കഥ അറിയാത്തവരായി ആരുമുണ്ടാകില്ല. റഹീമിന്റെ മോചനത്തിനായി കേരളക്കര ഒന്നിച്ച് നിന്ന് വലിയ തുക തന്നെ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഇതിനിടെ അബ്ദു റഹീമിൻ്റെ മോചനം സിനിമയാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ സംവിധായകൻ ബ്ലെസിയുമായി നടത്തിയെന്നും പോസിറ്റീവായ മറുപടിയാണ് ലഭിച്ചതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ബ്ലെസി.
അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ബ്ലെസി തുറന്നുപറഞ്ഞത്. ‘ബോബി ചെമ്മണ്ണൂർ എന്നോട് സംസാരിച്ചുവെന്നത് സത്യമാണ്. ശരിക്കും ആ വിഷയം എന്താണെന്ന് മനസിലാക്കിയിട്ടില്ല. ആടുജീവിതത്തിൻ്റെ തിരക്കിലായതിനാൽ അബ്ദു റഹീമിൻ്റെ സംഭവത്തെക്കുറിച്ച് അറിഞ്ഞില്ല. സിനിമ ചെയ്യാമെന്നോ ചെയ്യില്ലെന്നോ പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞപ്പോൾ അതിനെക്കുറിച്ച് മനസിലാക്കിയെന്നല്ലാതെ മറുപടി പറഞ്ഞിട്ടില്ല.
വിമാനത്താവളത്തിൽ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ വിളിയെത്തുന്നതും ഇതിനെക്കുറിച്ച് സംസാരിക്കുന്നതും. സിനിമയെക്കുറിച്ച് ദീർഘമായ ചർച്ച നടന്നിട്ടില്ല. സ്ഥിരമായി ഒരേ രീതിയിലുള്ള സിനിമ ചെയ്യുന്നതിനോട് താൽപര്യം ഇല്ല. ഇതിനെക്കുറിച്ചുള്ള വിയോജിപ്പ് നേരത്തെയും അറിയിച്ചിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ പുതിയ നിലപാടിൽ എത്തുമെന്ന് പറയാൻ കഴിയില്ല. ഒരു അതിജീവനകഥ പറഞ്ഞുകഴിഞ്ഞ് വീണ്ടും ഗൾഫിലെ പ്രയാസങ്ങൾ മുൻനിർത്തി അത്തരം സിനിമകൾ ചെയ്യുന്നതിൽ ത്രില്ലില്ല എന്ന് പറഞ്ഞ അദ്ദേഹം ആടുജീവിതം ചെയ്തതുകൊണ്ട് റഹീമിന്റെ കഥ സിനിമയാക്കാനുള്ള യോഗ്യത തനിക്കുണ്ടോ’ എന്നും ചോദിച്ചു.