കനത്ത മഴയേത്തുടർന്ന് യുഎഇയിൽ അതിശക്തമായ പ്രളയമാണ് രൂപപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ പലർക്കും സ്വന്തം വീട്ടിൽ താമസിക്കാനും സാധിക്കാത്ത സ്ഥിതിയായി. ഇതോടെ നിരവധി പേരാണ് വിവിധ ഹോട്ടലുകളിൽ അഭയം പ്രാപിച്ചത്. അതിനാൽ ഹോട്ടലുകൾ വിവിധ സേവനങ്ങൾക്കുള്ള തുകയും വർധിപ്പിച്ചു.
ഒരു രാത്രി താമസിക്കാൻ 8,000 ദിർഹം വരെയാണ് ജനങ്ങളിൽ നിന്ന് ഈടാക്കിയതെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. വെള്ളപ്പൊക്കത്തേത്തുടർന്ന് താമസിക്കാൻ മറ്റ് വഴികളില്ലാതെ വന്നതോടെ വാടക കാര്യമാക്കാതെയാണ് നിവാസികളും സഞ്ചാരികളും ഹോട്ടലുകളിൽ മുറിയെടുക്കുന്നത്. ഇതോടെ പല ഹോട്ടലുകളും ചാർജുകൾ വർധിപ്പിക്കാനും തുടങ്ങി. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളമിറങ്ങാത്തതിനാൽ നിരവധി പേരാണ് ഇപ്പോഴും ഹോട്ടലുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത്.
ജീവിതം സാധാരണ ഗതിയിലേയ്ക്ക് മാറിയെങ്കിൽ മാത്രമേ പല മേഖലയിലെയും ജനങ്ങൾക്ക് ഹോട്ടലുകളിൽ നിന്നും വീടുകളിലേയ്ക്ക് മടങ്ങിപ്പോകാൻ സാധിക്കുകയുള്ളു. കഴിഞ്ഞ ദിവസം 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. പ്രളയത്തേത്തുടർന്ന് വിമാനത്താവളങ്ങളിലും റോഡുകളിലുമെല്ലാം വെള്ളം നിറയുകയും ചെയ്തിരുന്നു. ഇപ്പോൾ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ജനങ്ങളുടെ ജീവിതം പഴയ അവസ്ഥയിലാകാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.