യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി അമ്മ യെമനിലേയ്ക്ക്. ശനിയാഴ്ച കൊച്ചിയിൽ നിന്നാണ് പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിക്കുക. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും യമനിലേയ്ക്ക് പോകും.
കൊച്ചിയിൽ നിന്ന് മുംബൈ വഴിയാണ് ഇരുവരും യെമനിലേക്ക് പോകുന്നത്. മുംബൈയിൽ നിന്ന് യെമനിലെ എഡെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ആദ്യമെത്തുക. അവിടെ നിന്ന് കരമാർഗം സനയിലേക്ക് പോകും. ഞായറാഴ്‌ചയോ തിങ്കളാഴ്‌ചയോ ഇരുവരും സനയിലെ ജയിലിലെത്തി നിമിഷപ്രിയയെ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
2017-ൽ യെമൻ പൗരൻ തലാൽ അബ്‌ദുമഹ്ദി കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവ് നൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ യെമൻ സുപ്രീംകോടതിയും തള്ളിയിരുന്നു. എന്നാൽ ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാൽ അബ്‌ദുമഹ്‌ദിൻ്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നതാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ പ്രതീക്ഷ.