കനത്ത മഴയെ തുടർന്ന് ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം താറുമാറായിരുന്നു. വെള്ളപ്പൊക്കത്തേത്തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റദ്ദാക്കിയത് 1,244 വിമാനങ്ങളാണ്. കൂടാതെ 46 വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തു. 24 മണിക്കൂറിനകം ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിലേക്ക് വരുമെന്നാണ് എയർപോർട്ട് അധികൃതർ വ്യക്തമാക്കുന്നത്.
അതിനിടെ ദുബായ് വിമാനത്താവളത്തിൻ്റെ ടെർമിനൽ ഒന്നിൽ ഇന്ന് മുതൽ വിമാനങ്ങൾ ഇറങ്ങിത്തുടങ്ങി. ടെർമിനൽ മൂന്നിൽ ചെക്ക് ഇൻ നടപടികളും ആരംഭിച്ചു. എമിറേറ്റ്സ്, ഫ്ളൈ ദുബായ് യാത്രക്കാർക്ക് യാത്രാനടപടികൾ ആരംഭിക്കാനും സൗകര്യമുണ്ടായിരുന്നു. വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ കൺഫേംഡ് ടിക്കറ്റ് കൈവശമുള്ളവർ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നും അധികൃതർ നിർദേശിച്ചു. ഷാർജ വിമാനത്താവളത്തിൽ നിന്ന് എയർ അറേബ്യ വിമാനങ്ങൾ ഇന്ന് പുലർച്ചെ മുതൽ സർവീസ് ആരംഭിച്ചു. എന്നാൽ മറ്റ് വിമാനങ്ങളിലെ യാത്രക്കാരുടെ നില ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ഇതിനിടെയാണ് ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം 24 മണിക്കൂറിനുള്ളിൽ സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങുമെന്നും ഇതിനായുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മജീദ് അൽ ജോക്കർ വ്യക്തമാക്കിയത്. യാത്രക്കാരുടെ സുരക്ഷ, പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കൽ, വിമാനത്താവളത്തിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കൽ എന്നിവയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.