കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് യുഎഇയിലെ ട്രാവൽ ആന്റ് ടൂറിസം മേഖല. ഈ വർഷം മേഖലയിൽ 23,500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. 2024ൽ മൊത്തം തൊഴിലവസരങ്ങൾ 8,33,000 ആയി ഉയരുമെന്ന് വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിൽ പ്രസിഡൻ്റും സിഇഒയുമായ ജൂലിയ സിംപ്‌സൺ വ്യക്തമാക്കി.
2024-ൽ ട്രാവൽ ആന്റ് ടൂറിസം മേഖല യുഎഇയുടെ ജിഡിപിയുടെ 12 ശതമാനമായി ഉയരുമെന്നും 236 ബില്യൺ ദിർഹത്തിലെത്തുമെന്നും ഡബ്ല്യുടിടിസി അറിയിച്ചു. യുഎഇയിലെ അന്താരാഷ്‌ട്ര സന്ദർശക ചെലവ് ഏകദേശം 10 ശതമാനം വർധിച്ച് 192 ബില്യൺ ദിർഹത്തിലെത്തുമെന്നും ആഭ്യന്തര സന്ദർശക ചെലവ് 4.3 ശതമാനം വർധിച്ച് 58 ബില്യൺ ദിർഹത്തിലെത്തുമെന്നും കണക്കാക്കുന്നുണ്ട്.
ഡബ്ല്യുടിടിസി പുറത്തിറക്കിയ 2024-ലെ സാമ്പത്തിക ഗവേഷണ റിപ്പോർട്ട് അനുസരിച്ച് യുഎഇയുടെ ട്രാവൽ ആന്റ് ടൂറിസത്തിലെ ജോലികളുടെ എണ്ണം 2023-ൽ 41,000 വർധിച്ച് 8,09,000-ൽ എത്തിയിരുന്നു. ദുബായ്, അബുദാബി, റാസൽഖൈമ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ് യുഎഇയിലെ ട്രാവൽ ആന്റ് ടൂറിസം മേഖലയിലെ ഈ കുതിച്ചുയരൽ.