യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ദുബായിലും മഴ കനക്കുന്നതിനിടെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദുബായ് എയർപോർട്ട് അധികൃതർ. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ ഇന്നും നാളെയും വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് യാത്രക്കാർ ദുബായ് എയർപോർട്ടിൽ എത്തണമെന്നാണ് നിർദേശം.
കൂടാതെ വിമാനത്തിന്റെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ചോദിച്ച് ഉറപ്പുവരുത്തണമെന്നും അതാത് എയർലൈനുകളുടെ വെബ്സൈറ്റ് പരിശോധിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുന്നതിനാൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെടാൻ സാധ്യതയുള്ളതിനാൽ നേരത്തെ തന്നെ യാത്ര പുറപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ യാത്രാ തടസം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ യാത്രക്കാരെ ഫോണിൽ വിളിച്ച് അറിയിക്കുമെന്ന് ഫ്ലൈ ദുബായ് അധികൃതർ അറിയിച്ചു.