യുഎഇയിൽ മഴ ശക്തമാകുകയാണ്. ഇതിനിടെ പല റോഡുകളിലും മഴയേത്തുടർന്ന് വെള്ളം കയറിയതോടെ ഡെലിവറി കമ്പനികൾ ചില പ്രദേശങ്ങളിലെ സർവ്വീസുകൾ നിർത്തിവെച്ചു. അതേസമയം, ഡെലിവറി ലഭ്യമായ പ്രദേശങ്ങളിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നും കമ്പനികൾ വ്യക്തമാക്കി.
രാജ്യത്തെ പല റോഡുകളും ഇപ്പോൾ വെള്ളത്തിനടിയിലാണ്. ഈ സാഹചര്യത്തിൽ ഡെലിവറി ജീവനക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കാത്തതിനാലാണ് വിവിധ കമ്പനികൾ സർവ്വീസ് താത്കാലികമായി നിർത്തലാക്കിയത്. കൂടാതെ കൂടുതൽ ദൂരം ജീവനക്കാർ യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ അടുത്തതും സുരക്ഷിതവുമായ പ്രദേശങ്ങളിലാണ് ഇപ്പോൾ ഡെലിവറി ലഭ്യമാക്കിയിരിക്കുന്നത്. പ്രതികൂല സാഹചര്യത്തിൽ ഡെലിവറി സർവ്വീസ് പൂർണ്ണമായും നിർത്തലാക്കുമെന്നും ഇത് സംബന്ധിച്ച് ആപ്പ് വഴി ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയോടൊപ്പം ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടാകുന്നുണ്ട്. 48 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.