പ്രവാസിയായ വരൻ കല്യാണം കഴിയ്ക്കാനായാണ് നോമ്പ് കാലം കഴിഞ്ഞ് നാട്ടിലെത്തിയത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ് വരൻ. കല്യാണ ദിവസം വരന് ഒരു പൂതി, ആഘോഷം അടിപൊളിയാക്കണം!! സ്വന്തം കല്യാണം അടിച്ചുപൊളിക്കാൻ കല്യാണദിവസം രാവിലെ തന്നെ രണ്ടെണ്ണം അടിച്ചു.
രാവിലെ തന്നെ അടിച്ചു പൂസായി എന്ന് പറഞ്ഞാൽ മതിയല്ലോ? വിവാഹ വേഷത്തിൽ തന്നെ കാല് നിലത്തുറയ്ക്കാത്ത പരുവം. പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പാടുപെട്ടു. പിന്നീടങ്ങോട്ട് വരന്റെ താണ്ഡവം ആയിരുന്നു, കാറിൽ നിന്ന് പുറത്തിറങ്ങിയതോടെയാണ് പ്രശ്നം കൂടുതൽ വഷളായത്. വിവാഹത്തിന് കാർമികത്വം വഹിക്കാനെത്തിയ വൈദികനോട് പോലും വരൻ മോശമായി പൊരുമാറി.
ഇത് കണ്ടതോടെ വധുവും കുടുംബവും കല്യാണത്തിൽ നിന്ന് പിന്മാറി. പിന്നാലെ പോലീസും എത്തി. വിവാഹ വേഷത്തിൽ തന്നെ വരനെ പൊലീസ് പിടികൂടി. പൊലീസ് എത്തിയതറിഞ്ഞും വരൻ പ്രശ്നം ഉണ്ടാക്കിയിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തിയാണ് വരനെതിരെ കേസ് എടുത്തത്. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വധുവിൻ്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഒത്തുതീർപ്പിൽ തീരുമാനമായി.