സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രമുഖ എഡ്യുക്കേഷണൽ ടെക് സ്ഥാപനമായ ബൈജൂസിന്റെ തലപ്പത്തേക്ക് വീണ്ടുമെത്തി സ്ഥാപകൻ ബൈജു രവീന്ദ്രൻ. സി.ഇ.ഒ അർജുൻ മോഹൻ രാജിവെച്ചതിനെത്തുടർന്ന് സ്ഥാപനത്തിൻ്റെ മേൽനോട്ടം വരും ദിവസങ്ങളിൽ ബൈജു രവീന്ദ്രൻ കൈകാര്യം ചെയ്യുമെന്ന് കമ്പനി ഇന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ബൈജൂസിൽ അടിമുടി മാറ്റം വരുമെന്നാണ് വിലയിരുത്തൽ.
കമ്പനിയെ ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി നിരവധി മാറ്റങ്ങൾ കമ്പനി പ്രഖ്യാപിച്ചിരുന്നു. ബൈജൂസിൻ്റെ ബിസിനസിനെ മൂന്ന് ഡിവിഷനുകളായി തിരിച്ച് പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. ലേണിങ് ആപ്പ്, ഓൺലൈൻ ക്ലാസുകൾ – ട്യൂഷൻ സെൻ്ററുകൾ, പരീക്ഷാ തയ്യാറെടുപ്പുകൾ എന്നിങ്ങനെ മൂന്നായാണ് തിരിച്ചിരിക്കുന്നത്. ലേണിങ് ആപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല ബൈജു രവീന്ദ്രന് നൽകിയതായാണ് കമ്പനി അറിയിച്ചത്. കഴിഞ്ഞ നാല് വർഷമായി, ബൈജു രവീന്ദ്രൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് മൂലധന സമാഹരണം, ആഗോള വിപുലീകരണം തുടങ്ങിയ മേഖലകളിലായിരുന്നു.
ഒരുകാലത്ത് ഏകദേശം 5 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന് ഇപ്പോൾ 400 മില്യൺ ഡോളർ കടമുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിലിൽ ബൈജൂസിൻ്റെ ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ വസതിയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന.