ദേ വരുന്നൂ… ഇൻസ്റ്റയ്ക്ക് പിന്നാലെ വാട്ട്‌സ്ആപ്പിലും ‘മെറ്റ എഐ’. ജനറേറ്റീവ് എഐയിലേക്കുള്ള ചുവടുവയ്‌പ്പിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന മെറ്റാ കണക്ട് 2023 ഇവന്റിലായിരുന്നു മേധാവി മാർക്ക് സക്കർബർഗ് വ്യത്യസ്തമായ നിരവധി എഐ ഫീച്ചറുകൾ അവതരിപ്പിക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
‘മെറ്റ എഐ’ എന്ന ചാറ്റ്‌ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്ട്‌സ്ആപ്പ് ഉപഭോക്താക്കൾക്കിടയിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. മെറ്റയുടെ തന്നെ ലാർജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം.
ഇന്ത്യയുൾപ്പെടെ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് വാട്ട്‌സ്ആപ്പിലെ എഐ ഫീച്ചർ മെറ്റ അവതരിപ്പിച്ചിട്ടുള്ളത്. ഇംഗ്ലീഷ് ഭാഷ മാത്രമേ നിലവിൽ മെറ്റ എഐ പിന്തുണയ്ക്കുന്നുള്ളു. വാട്ട്‌സ്ആപ്പിൽ മെറ്റ എഐയുമായി എങ്ങനെ സംസാരിക്കാമെന്ന് നോക്കാം.
വാട്‍സ്ആപ്പ് തുറന്നതിന് ശേഷം ചാറ്റ് സ്ക്രീൻ ഓപ്പൺ ചെയ്ത് അതിൽ നിന്നും ‘ന്യൂ ചാറ്റ്’ ഓപ്‌ഷൻ തിരഞ്ഞെടുക്കണം.
അതിൽ നിന്നും ‘മെറ്റ എഐ’ ഐക്കൺ തിരഞ്ഞെടുത്ത് സേവന നിബന്ധനകൾ വായിച്ച് അംഗീകാരം നൽകിയ ശേഷം ഐക്കണിൽ ടാപ് ചെയ്യുമ്പോൾ തന്നെ ഇൻബോക്സിലേക്കുള്ള ആക്സസ് ലഭിക്കും. തുടർന്ന് ആവശ്യാനുസൃതം സംഭാഷണങ്ങൾ നടത്താനാകും.