സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് എം.പി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി സ്വരുക്കൂട്ടിയ ദയാധനമായ 34 കോടി രൂപ നാളെ സൗദിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറും. മോചനത്തിനുള്ള നിയമപരമായ നടപടിക്രമങ്ങൾ തിങ്കളാഴ്ച കോടതി തുറക്കുമ്പോൾ ആരംഭിക്കും. തുക കൈമാറിയാലും റഹീമിന്റെ മോചനത്തിനായി രണ്ട് മാസത്തോളം കാത്തിരിക്കേണ്ടി വരും.
റഹീമിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള സമ്മതപത്രം മരിച്ച കുട്ടിയുടെ കുടുംബം കോടതിക്ക് കൈമാറിയാൽ ഇന്ത്യൻ എംബസി തുക അക്കൗണ്ടിലേയ്ക്ക് നൽകും. തുടർന്ന് സമ്മതപത്രം സ്വീകരിച്ച് കോടതി ശിക്ഷയിൽ നിന്ന് ഒഴിവാക്കിയാൽ ആ വിധി ജയിൽ അധികൃതർക്ക് കൈമാറും. ഇതിന് ശേഷമായിരിക്കും റഹീമിന്റെ മോചനമെന്ന് കേസിലെ നിയമോപദേഷ്ടാക്കളിൽ ഒരാളായ മുഹമ്മജ് നജാത്തി വ്യക്തമാക്കി. കൂടാതെ മോചനത്തിന് മറ്റ് തടസങ്ങൾ ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അറബി ഭാഷ കൃത്യമായി അറിയാത്തതും സൗദിയിലെ നിയമരീതികളെക്കുറിച്ച് അറിയാത്തതുമാണ് റഹീമിൻ്റെ ശിക്ഷയിലേക്ക് നയിച്ചതെന്ന് മുഹമ്മദ് നജാത്തി പറഞ്ഞു. ഭാഷ അറിയാത്ത റഹീം അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങളെല്ലാം സമ്മതിച്ചുകൊടുക്കുകയായിരുന്നുവെന്ന് മൊഴിപ്പകർപ്പുകളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ വൈകിട്ട് റഹീം മാതാവ് ഫാത്തിമയുമായി ഫോണിൽ സംസാരിച്ചിരുന്നു.