വിഷുക്കണി കണ്ടുണർന്നും വിഷുക്കൈനീട്ടം നൽകിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു. ഓട്ടുരുളിയിൽ നിറച്ചുവച്ച ഫല-ധാന്യങ്ങൾ, കത്തിച്ചുവെച്ച നിലവിളക്ക്, കോടിമുണ്ട്, കണിവെള്ളരി, കണിക്കൊന്ന, കൈനീട്ടം.. അങ്ങനെ മാറ്റങ്ങളേതുമില്ലാതെ മലയാളികൾ മറ്റൊരു വിഷുദിനത്തെ കൂടി വരവേറ്റു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യങ്ങളും വർഷം മുഴുവൻ നിലനിൽക്കുമെന്നാണു വിശ്വാസം.
കാർഷികസമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കൺതുറക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു. വിഷുപ്പുലരിയിൽ ഉറക്കം തെളിഞ്ഞ് എത്തുന്നത് വിഷുക്കണിക്ക് മുന്നിലേക്കാണ്. വിഷുക്കണി കണ്ടുകൊണ്ടാണ് ഓരോരുത്തരുടെയും വിഷു ദിനം ആരംഭിക്കുക. വിഷുക്കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ കൂടെയുണ്ടാകുമെന്നാണ് വിശ്വാസം. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയ്യാറെടുപ്പിൻ്റെ കാലം കൂടിയാണ് വിഷു.
വിവിധ ക്ഷേത്രങ്ങളിൽ വിഷുദിനത്തിൽ ദർശനത്തിന് വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വിഷു ആഘോഷത്തിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. വരാനിരിക്കുന്ന വർഷത്തിൽ നമ്മുടെ ജീവിതത്തിലെ സമ്പൽസമൃദ്ധമായ ഐശ്വര്യങ്ങളെയും സൗഭാഗ്യങ്ങളെയുമാണ് കണികാണുന്നതെന്നാണ് സങ്കല്പം. ഐശ്വര്യത്തിന്റെ ഒരു വിഷു കൂടി വന്നെത്തിയപ്പോൾ എല്ലാവർക്കും വിഷു ആശംസകൾ.