ഒരാഴ്ച നീണ്ടുനിന്ന െഎപിഒ വിറ്റുവരവിലൂടെ ദുബായ് സാലിക് കമ്പനി സമാഹരിച്ചത് 3.735 ബില്യൺ ദിർഹം (1.017 ബില്യൺ ഡോളർ). ഐപിഒ എല്ലാ ഘട്ടങ്ങളിലും 49 മടങ്ങ് ഓവർസബ്‌സ്‌ക്രൈബ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകൾ. എമിറേറ്റ് ഗവൺമെന്റ് കമ്പനിയിലെ 1.867 ബില്യൺ ഓഹരികളാണ് െഎപിഒ വഴി വിറ്റഴിച്ചത്. ഒാഹരികൾക്ക് 2 ദിർഹം ഓഫര്‍വിലയായി നിശ്ചയിച്ചിരുന്നു. ആവശ്യക്കാരേറിയതോടെ കുടുതല്‍ ഓഹരികൾ വിറ്റഴിക്കാനും കമ്പനി തയ്യാറായി. 20 ശതമാനം ഓഹരികൾ വിറ്റഴിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് 24.9 ശതമാനം ഓഹരികളാണ് കൈമാറിയത്.
ലോകമെമ്പാടുമുള്ള നിക്ഷേപക ട്രാഞ്ചുകളില്‍ െഎപിഒ 149.5 ബില്യൺ ദിർഹം ഡിമാൻഡ് ആകർഷിച്ചു, അടിസ്ഥാന നിക്ഷേപകര്‍ ഒഴികെ 52 മടങ്ങ് ഓവർസബ്സ്ക്രൈബ് ചെയ്തു. റീട്ടെയിൽ ഓഫർ പ്രാദേശിക നിക്ഷേപകരിൽ നിന്ന് 34.7 ബില്യൺ ദിർഹത്തിലധികം ആകർഷിച്ചു. ഇത് 119 മടങ്ങ് ഓവർസബ്‌സ്‌ക്രൈബ് ചെയ്‌തതായാണ് കണക്കുകൾ. യുഎഇ സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, ദുബായ് ഹോൾഡിംഗ്, ഷമാൽ ഹോൾഡിംഗ്, അബുദാബി പെൻഷൻ ഫണ്ട് എന്നിവ ഐപിഒയിലെ അടിസ്ഥാന നിക്ഷേപകരാണ്. അടിസ്ഥാന നിക്ഷേപകരുടെ ഓഹരികൾ 180 ദിവസത്തെ ലോക്ക്-അപ്പ് ക്രമീകരണത്തിനും വിധേയമാണ്.
സാലിക്കിന്റെ നിലവിലുള്ള ഓഹരി മൂലധനത്തിന്റെ 75.1 ശതമാനം ദുബായ് സര്‍ക്കാര്‍ നിലനിർത്തുന്നുണ്ട്. കമ്പനിയുടെ ഓഹരികൾ സെപ്റ്റംബർ 29 ന് “SALIK” എന്ന ചിഹ്നത്തിൽ ദുബായ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ആരംഭിക്കും. ദുബായുടെ മൂലധന വിപണിയിലുള്ള വിശ്വാസവും സാലിക്കിന്റെ ശക്തമായ നിലയും ബിസിനസ്സ് മോഡലുമാണ് നിക്ഷേപകരെ ആകര്‍ഷിച്ചതെന്ന് സാലിക് ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
ദുബായുടെ സ്വകാര്യവൽക്കരണ പരിപാടിയിലും വിദേശ നിക്ഷേപം ആകർഷിക്കുന്ന വിശാലപദ്ധതികളിലും സാലിക് ലിസ്റ്റിംഗ് ഒരു പ്രധാന ചുവടുവെപ്പാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദിയും വ്യക്തമാക്കി.