പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐ ഡമ്മി പരിശോധന നടത്തി. ദില്ലിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും ഹോസ്റ്റലിൽ എത്തിയിരുന്നു. ഡിഐജി ലൗലി കട്ടിയാറിൻ്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥൻ്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയിരുന്നു.
സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി.
ഇന്ന് രാവിലെ ഒമ്പതരയ്ക്ക് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തി. ഡിഐജി, രണ്ട് എസ്പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.