ചായയും കാപ്പിയും ഓരോരുത്തരുടെയും നിത്യ ജീവിതത്തിലെ ഒഴിച്ചു കൂട്ടാൻ ആവാത്ത ഭക്ഷണ പദാർത്ഥമാണ്. ചോക്ലറ്റും ഇഷ്ടപ്പെടുന്നവരും കുറവല്ല. ഇതാ ചായയും കാപ്പിയും ചോക്ലേറ്റും ഇഷ്ടപ്പെടുന്നവർക്ക് മാത്രമായൊരു മേള. പെരുന്നാൾ പിറ്റേന്ന് മിന ഡിസ്ട്രിക്ടിലെ ദോഹ തുറമുഖത്താണ് ഏഴാമത് ‘കോഫീ, ടീ, ചോക്ലറ്റ്’ (സി.ടി.സി) മേളക്ക് തുടക്കം കുറിച്ചത്. എട്ട് റസ്റ്റാറന്റുകൾ ഉൾപ്പെടുന്ന ഫുഡ് കോർട്ടിനൊപ്പം ചായ, കാപ്പി, ചോക്ലറ്റ്, മധുരപലഹാരങ്ങൾ എന്നിവയ്ക്കായി 40ലധികം കിയോസ്കുകൾ മേളയിലുണ്ട്. ഈദിന്റെ രണ്ടാം ദിനം ആരംഭിച്ച മേള 10 ദിവസം നീളുമെന്ന് സി.ടി.സി ജനറൽ മാനേജർ ജോർജ് സൈമൺ പറഞ്ഞു. മാത്രമല്ല, മേളയുടെ ഭാഗമായി കുട്ടികൾക്ക് കാർണിവൽ മേഖലയും ദിനേന വിവിധ വിനോദ പ്രകടനങ്ങൾക്കായി പ്രത്യേക വേദിയും തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും മേള ആസ്വാദ്യകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോർജ് സൈമൺ പറഞ്ഞു.
വൈകുന്നേരം നാല് മണി മുതൽ രാത്രി 12 മണി വരെയാണ് ചായ,കാപ്പി,ചോക്ലറ്റ് മേള നടക്കുക. ഖത്തർ ഇന്റർനാഷണൽ ഇംപോർട്ട് ആൻഡ് എക്സ്പോർട്ട്, മക്ലാരൻ കഫേ, ഐസ്ക്രീം പ്ലാസ, ഗോഡിവ, കഫേർ വെർഗ്നാനോ, സ്വീറ്റിയോ, ഖത്തർ ഒയാസിസ്, ചുറോസ്, ഓപ്, ഡോൾഡ് ഫ്രെസ്കോ, മൈക്ക്, പോപ്കോൺ ഗാലറി എന്നിവ ഈ വർഷത്തെ പ്രദർശനത്തിൽ പങ്കെടുക്കുന്ന പ്രമുഖരാണ്. 2023 നവംബർ 23 മുതൽ ഡിസംബർ രണ്ടുവരെ അൽ ബിദ്ദ പാർക്കിൽ നടന്ന മേളയിൽ 70,000ലധികം സന്ദർശകരായിരുന്നു എത്തിയത്.
ചോക്ലറ്റ്, ചായ, കാപ്പി പ്രേമികളെ വരവേൽക്കുന്ന മേളയിൽ വൈവിധ്യമാർന്ന കോഫി ബ്രൂകൾ, ചായ -ചോക്ലറ്റ് മിശ്രിതങ്ങൾ എന്നിവയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. രാജ്യത്ത് പുതിയ കഫേകൾ, റോസ്റ്ററികൾ, സ്പെഷാലിറ്റി ഷോപ്പുകൾ എന്നിവ വ്യാപിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണെന്നും ഖത്തർ കാപ്പിവ്യവസായത്തിൽ മുന്നിലാണെന്നും മേളയുടെ സംഘാടകർ വ്യക്തമാക്കി. സന്ദർശകർക്ക് മെട്രോ ഗോൾഡ് ലൈൻ ഉപയോഗിച്ച് എം315 ഫീഡർ ബസിലൂടെ മേള നടക്കുന്ന പഴയ ദോഹ തുറമുഖത്ത് എത്താൻ കഴിയും. ചായയും കാപ്പിയും ചോക്ലേറ്റും ഇഷ്ടമുള്ളവർ വേഗം വണ്ടി കയറിക്കോ.