കെഎസ്ആർടിസി സ്മാർട്ടാകുകയാണ്. യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസുകളിൽ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുന്നു. സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്ആർടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്.
പണം ഡിജിറ്റലായും നൽകാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാർ എടുക്കുന്ന ഏജൻസിയുടെ ചുമതലയാണ്. അതേസമയം മുഖ്യ ഡിപ്പോകളിലെ കാന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് 5 വർഷത്തേക്കു നൽകാനും തീരുമാനമായി.
ഈ മേഖലയിൽ പരിചയമുള്ളവർക്കേ കരാർ നൽകാവൂവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശിച്ചു. കെഎസ്ആര്‍ടിസിയുടെ സേവനങ്ങൾ ജനോപകാരപ്രദമായ രീതിയിൽ മെച്ചപ്പെടുത്തുന്നതിന് അതിവേഗ നടപടികളുമായാണ് കെഎസ്ആർടിസി മാനേജ്മെൻ്റ് മുന്നോട്ട് പോകുന്നത്. കെഎസ്ആര്‍ടിസി യാത്രക്കാരാണ് യജമാനന്‍മാർ എന്നുള്ള പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങള്‍ യാത്രക്കാര്‍ക്ക് സൃഷ്ടിക്കേണ്ടതും കെഎസ്ആര്‍ടിസിയുടെ കടമയാണെന്ന് ജീവനക്കാരെ ഓർമ്മിപ്പിക്കുന്നുണ്ട്.