സ്‌പൈവെയര്‍ ആക്രമണം ശക്തമാവുന്ന സഹചര്യത്തിൽ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. ഇന്ത്യ അടക്കമുള്ള 91 രാജ്യങ്ങളിലുള്ള ആപ്പിള്‍ ഉപയോക്താക്കള്‍ക്കാണ് മെഴ്‌സിനറി സ്‌പൈവെയര്‍ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സങ്കീര്‍ണവും ചെലവേറിയതുമായ സ്‌പൈവെയര്‍ ആക്രമണങ്ങളാണ് മെഴ്‌സിനറി സ്‌പൈവെയര്‍. സാധാരണ സൈബര്‍ ആക്രമണങ്ങളെക്കാള്‍ വ്യത്യസ്തമായി വളരെയധികം സങ്കീര്‍ണമാണ് മെഴ്‌സിനറി സ്‌പൈവെയര്‍ പോലുള്ളവയുടെ ആക്രമണം.
ഇസ്രയേലിന്റെ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എന്‍എസ്ഒയില്‍ നിന്നുള്ള പെഗാസസിന് സമാനമായുള്ള വൈറസാണ് മെഴ്‌സിനറി സ്‌പൈവെയര്‍. ഇരകളാവുന്ന ഉപയോക്താക്കളെ അവര്‍ ആരാണെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്നും അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുക്കുന്നതെന്ന് ആപ്പിള്‍ സൂചിപ്പിക്കുന്നു. ആക്രമണം വളരെ കുറഞ്ഞ സമയമായതിനാല്‍ത്തന്നെ അത് കണ്ടെത്തുകയും തടയുകയും ചെയ്യുന്നത് വലിയ വെല്ലുവിളിയായിരിക്കും.
ആക്രമണത്തിനിരയായ ഉപയോക്താക്കളെ അവരുടെ നിര്‍ദ്ദിഷ്ട ആപ്പിള്‍ ഐഡി ഉപയോഗിച്ചാണ് വേര്‍തിരിച്ചറിയുന്നത്. വ്യക്തിയുടെ ഐഡന്റിറ്റി അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും വൈറസ് ആക്രമണം നടത്തുക. 2021 മുതല്‍ 150ല രാജ്യങ്ങളിലെങ്കിലുമുള്ള ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ഈ ഭീഷണി അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുന്‍പ് ആപ്പിളും ഗൂഗിളും പെഗാസസിനെ കുറിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ച ഐഫോണ്‍ ദൂരെയിരുന്ന് നിയന്ത്രിക്കാന്‍ മെഴ്സിനറി സ്പൈവെയറിന് സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വലിയ ചെലവ് വരുന്നതിനാല്‍ തന്നെ ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശക്തമായ അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകാം. അതേസമയം പുതിയ സ്‌പൈവെയര്‍ ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും ഒരു പ്രത്യേക സ്‌പൈവെയറിന്റെ പേര് ആപ്പിള്‍ എടുത്ത് പറഞ്ഞിട്ടില്ല. എന്നാൽ, വലിയ ചെലവ് വരുന്ന സൈബര്‍ ആക്രമണങ്ങള്‍ ഭരണകൂടങ്ങളുടേയോ ഏജന്‍സികളുടെയോ മറ്റോ പിന്തുണയിലാണ് സാധാരണ ഗതിയില്‍ നടക്കാറുള്ളത്.