ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് എംപി ആയി ജയിച്ചാൽ ആദ്യ പരിഗണന സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയം ചർച്ചയായതോടെ വിശദീകരണത്തിനൊരുങ്ങുകയാണ് ബിജെപി.
സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. റിപ്പബ്ലിക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. സുൽത്താൻ ബത്തേരിയുടെ ശരിയായ പേര് ഗണപതിവട്ടം എന്നാണ്. ബ്രിട്ടീഷുകാരാണ് ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുൽത്താൻ ബത്തേരി ആക്കി മാറ്റിയത്.
സുൽത്താന്റെ ആയുധപ്പുര എന്നർത്ഥം വരുന്ന സുൽത്താൻ ബാറ്ററി പിന്നീട് സുൽത്താൻ ബത്തേരി ആയതാണ്. താൻ എംപിയായാൽ ആദ്യ പരിഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടും. 1984ൽ പ്രമോദ് മഹാജൻ വയനാട് സന്ദർശിച്ച സമയത്ത് ഇക്കാര്യം താൻ സൂചിപ്പിച്ചിരുന്നതാണെന്നും കെ സുരേന്ദ്രൻ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
‘എന്താണ് സുൽത്താൻ ബത്തേരിയുടെ ആവശ്യം. ഇത് ഗണപതി വട്ടമാണ്. യഥാർഥ പേര് ഗണപതി വട്ടം എന്നാണ്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷമാണ് പേര് മാറ്റിയത്. ആരായിരുന്നു ടിപ്പു സുൽത്താൻ. മലയാളികളെ ആക്രമിച്ചു. ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമാക്കി. പഴശ്ശിരാജയും പേരാളികളും ടിപ്പുവിനെതിരെ പോരാടിയിട്ടുണ്ട്’ കെ സുരേന്ദ്രൻ അഭിമുഖത്തിൽ പറയുന്നു.