വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് ആറ് ദിവസം മാത്രം. മോചന തുകയായ 34 കോടിയിൽ (ഒന്നര കോടി സൗദി റിയാൽ) ഇതുവരെ സമാഹരിക്കാനായത് 13 കോടി രൂപയാണ്. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് അബ്ദുൾ റഹീമിന്റെ കുടുംബം. ഇനി വേണ്ടത് 21 കോടി രൂപയാണ്.
ഒന്നര കോടി സൗദി റിയാൽ കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ അബ്ദുറഹീമിന്റെ ജീവൻ രക്ഷിക്കാനും ജയിൽ മോചനത്തിനും സാധിക്കൂ. ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.കേരളത്തിലെ പ്രമുഖ രാഷ്ട്രീയ, സാമുദായിക, സാമൂഹിക നേതാക്കളുടെ നേതൃത്വത്തിൽ പ്രവാസി മലയാളി സമൂഹം മുൻകൈയ്യെടുത്ത് രൂപവത്കരിച്ച റഹീം സഹായ സമിതി ഇതിനകം 13 കോടിയിലധികം രൂപ സമാഹരിച്ചു കഴിഞ്ഞു. ലോകമെമ്പാടുമുള്ള മലയാളി സമൂഹവും അവർ വഴി ദേശ വ്യത്യാസമില്ലാതെ മനുഷ്യസ്നേഹികളും സഹായ ഹസ്തവുമായി മുന്നിലുണ്ടെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.
സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ സജീവ കാമ്പയിൻ നടക്കുന്നുണ്ട്. റിയാദിൽ റഹീം നിയമസഹായ സമിതിയുടെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ദിവസം ധനസമാഹരണം ലക്ഷ്യമിട്ട് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിട്ടുണ്ട്.