മഴക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ഈദ് നമസ്കാരം പള്ളിയിൽ നടത്തണമെന്ന നിർദേശവുമായി സൗദി മതകാര്യ വകുപ്പ്. രാജ്യത്തെ ഒട്ടു മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്ന ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
മഴ പ്രതീക്ഷിക്കുന്ന നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഈദ് നമസ്കാരം തുറസ്സായ സ്ഥലങ്ങളിൽ നടത്തരുത്. പകരം പള്ളികളിൽ നടത്തിയാൽ മതിയെന്ന് വിവിധ മേഖലകളിലെ മതകാര്യ ബ്രാഞ്ച് ഓഫിസുകൾക്ക് വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നിർദേശം നൽകി.
കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പിന്തുടരണമെന്നും അദ്ദേഹം അറിയിച്ചു. ഈദുൽ ഫിത്തർ ദിനത്തിൽ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കുറച്ച് ദിവസമായി നേരിയതും കനത്തതുമായ തോതിൽ മഴ പെയ്യുന്നുണ്ട്. അടുത്ത വ്യാഴാഴ്ച വരെ ഇത് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.