ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ളതാണ് റമദാനിലെ 27-ാം രാവ്. 27-ാം രാവിൽ പാപമോചന പ്രാർത്ഥനയ്ക്കും നമസ്‌കാരത്തിനുമായി ഹറമിലെത്തിയത് 20 ലക്ഷത്തോളം വിശ്വാസികളാണ്. പാതിരാത്രി മുതൽ പുലർച്ചെ വരെ നീണ്ട പ്രാർത്ഥനകൾക്ക് എത്തിയ ജനങ്ങളാൽ ഹറമും പരിസരവും റോഡുകളുമെല്ലാം നിറഞ്ഞിരുന്നു.
റമദാന്റെ 27-ാം രാവിലാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ മസ്ജിദുൽ ഹറമിലെത്തുന്നത്. വിശുദ്ധ ഖുർആൻ ഇറങ്ങിയതായി വിശ്വസിക്കുന്ന രാവുകളിലൊന്ന് കൂടിയായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. അതിനാൽ വ്യാഴാഴ്ച രാത്രി മുതൽ മക്കയിലേക്കും മദീനയിലേക്കുമുള്ള തീർത്ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. കഅ്ബയുടെ മുറ്റം നിറഞ്ഞ് കവിഞ്ഞതിനാൽ ഉംറ തീർത്ഥാടകർ ഹറം പള്ളിയുടെ മുഴുവൻ നിലകളിലും മേൽക്കൂരയിലുമായാണ് ത്വവാഫ് കർമ്മം പൂർത്തിയാക്കിയത്.
പ്രാർത്ഥനകൾക്ക് ഇരു ഹറം കാര്യാലയം മതകാര്യ വിഭാഗം മേധാവി ഷെയ്ഖ് അബ്‌ദുറഹ്മാൻ അൽ സുദൈസാണ് നേതൃത്വം നൽകിയത്. ലോകത്തിൽ വിശ്വാസി സമൂഹം നേരിടുന്ന പ്രതിസന്ധികൾക്കായുള്ള പ്രത്യേക പ്രാർത്ഥനകളും ഹറമിൽ നടന്നു.