പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിൽ നിന്ന് ഗൾഫിലേയ്ക്ക് അധിക വിമാന സർവീസുകളാണ് എയർലൈൻ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മർ ഷെഡ്യൂളിൻ്റെ ഭാഗമായാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും കൂടുതൽ ആഭ്യന്തര-വിദേശ സർവീസുകൾ നടത്തുക.
ഓരോ മാസവും മൂന്ന് പുതിയ വിമാനങ്ങൾ വീതമാണ് എയർ ഇന്ത്യ എക്സ്പ്രസ് വർധിപ്പിക്കുക. കൊച്ചി വിമാനത്താവളത്തിൽ നിന്ന് എല്ലാ ആഴ്ചയുമുള്ള സർവീസുകളുടെ എണ്ണം 93-ൽ നിന്ന് 104 ആയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സർവീസിന് പുറമെ ദമ്മാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും അധിക സർവീസുകൾ ആരംഭിക്കും.
കണ്ണൂരിൽ നിന്നും 12 അധിക സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ആഴ്ചയിൽ നടത്തുന്ന സർവീസുകളുടെ എണ്ണം 77ൽ നിന്ന് 87 ആക്കി ഉയർത്തിയിട്ടുണ്ട്. റാസൽ ഖൈമ, ദമ്മാം എന്നീ അധിക സർവീസുകൾക്ക് പുറമെ പുതുതായി ആരംഭിച്ച ബംഗളൂരു സർവീസും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതോടെ ഗൾഫിലേയ്ക്കുള്ള പ്രവാസികളുടെ യാത്രാദുരിതം ഒരു പരിധിവരെ കുറയുമെന്നാണ് വിലയിരുത്തൽ.