സൗദി അറേബ്യയിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി വിലയിരുത്തൽ. ഏപ്രിൽ 11 വരെ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ നിർദേശിച്ചു.
ഈ കാലയളവിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് വിലയിരുത്തൽ. മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്കും ആലിപ്പഴം വീഴൽ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. റിയാദ്, നജ്റാൻ, ജസാൻ, മദീന, ഹൈൽ, നോർത്തേൺ ബോർഡേഴ്സ്, ഈസ്റ്റേൺ പ്രൊവിൻസ്, തബൂക്, അൽ ജൗഫ്, അസീർ, അൽ ബാഹ, അൽ ഖാസിം മേഖലകളിലും ഇതേ കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ഈ സാഹചര്യത്തിൽ പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കാലയളവിൽ താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുള്ളതായും അതിനാൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേയ്ക്ക് പോകരുതെന്നും ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും അധികൃതർ നിർദ്ദേശിച്ചു.