പി.ഡി.പി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കഴിഞ്ഞ അഞ്ച് ദിവസമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുന്ന മഅ്ദനിയെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. എന്നാൽ ഇപ്പോഴും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തന്നെ ചികിത്സയിൽ തുടരുകയാണ്.
കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് മഅ്ദനിയെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ശ്വസന സംബന്ധമായ പരിശോധനകൾക്ക് ശേഷം വെൻ്റിലേറ്റർ സഹായം ഒഴിവാക്കിയെങ്കിലും കൃത്രിമ ശ്വാസം നൽകുന്ന ഉപകരണം വഴിയാണ് ഇപ്പോഴും ശ്വസിക്കുന്നത്. ഹൃദയ സംബന്ധമായ പരിശോധനകളുടെ ഭാഗമായി ഇന്നലെ അദ്ദേഹത്തെ ആൻജിയോഗ്രാമിന് വിധേയമാക്കിയിരുന്നു. തുടർന്ന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
ക്രമാതീതമായി ഉയർന്നിരുന്ന രക്തസമ്മർദ്ദം ഇപ്പോഴും നിയന്ത്രണത്തിലായിട്ടില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. നെഫ്രോളജിസ്റ്റിൻ്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ മെഡിക്കൽ സംഘത്തിൻ്റെ ചികിത്സ തുടരുകയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മഅ്ദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.