19 വർഷങ്ങൾക്ക് മുൻപ് പൃഥ്വിരാജ് എന്ന നടൻ സിനിമാ മേഖലയിൽ നിന്നും വിലക്ക് നേരിട്ടിരുന്ന സമയത്ത് താരത്തെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ അത്ഭുതദ്വീപ്’. ‘അത്ഭുതദ്വീപിന്റെ’ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്ന സമയത്ത് പൃഥിരാജ് ഇന്ന് അന്താരാഷ്ട്ര ശ്രദ്ധ നേടിയ താരമായി മാറിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് വിനയൻ കുറിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഓഗസ്റ്റിലാണ് ‘അത്ഭുതദ്വീപിന്റെ’ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.
മുന്നൂറോളം കുറിയ മനുഷ്യരെ കഥാപാത്രങ്ങളാക്കി വലിയ ക്യാൻവാസിൽ മലയാളത്തിൽ ആദ്യമായായിരുന്നു ഇത്തരമൊരു ചിത്രം എത്തിയത്. അന്ന് പൃഥിരാജിന് നേരിടേണ്ടി വന്ന സംഘടനാ പ്രശ്നങ്ങളും വിലക്കുമെല്ലാം തരണം ചെയ്തുകൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. അതിനെകുറിച്ചൊക്കെ ഓർക്കുമ്പോൾ ഇന്ന് രസകരമായി തോന്നുന്നു എന്നും വിനയൻ കുറിച്ചു. ഇന്ന് ‘ആടുജീവിതം’ എന്ന ചിത്രത്തിലൂടെ പൃഥിരാജ് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഒരു താരമായതിൽ വളരെയധികം സന്തോഷമുണ്ടെന്നും വിനയൻ കുറിച്ചു. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം വലിയ ചിത്രമായിരിക്കുമെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഭംഗിയാക്കുമെന്നും വിനയൻ കൂട്ടിച്ചേർത്തു.
വിനയന്റെ ഫേസ്ബുക് പോസ്റ്റ്
2005 ഏപ്രിൽ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസ് ചെയ്തത്. പരിമിതമായ ബഡ്ജറ്റിൽ ആയിരുന്നെങ്കിലും ഗിന്നസ് പക്രു ഉൾപ്പടെയുള്ള മുന്നൂറോളം കൊച്ചുമനുഷ്യരെ പങ്കെടുപ്പിച്ചുകൊണ്ട് വലിയ ക്യാൻവാസിലായിരുന്നു ചിത്രം പൂർത്തിയാക്കിയത്.
അത്ഭുത ദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പതു വർഷത്തിനു ശേഷം ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തർ ദേശീയ തലത്തിൽ ശ്രദ്ധ നേടുണ നടനായി മാറിയിരിക്കുന്നു… ഒരുപാട് സന്തോഷമുണ്ട്..
അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോഴുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്നോർക്കുമ്പോൾ രസകരമായി തോന്നുന്നു. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതൽ ഭംഗിയായി ഒരു വലിയ ചിത്രമായി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ കഴിയുമെന്നു കരുതുന്നു..