അതിനൂതന ഇലക്ട്രിക് കാറുമായി നഗരം കീഴടക്കാനൊരുങ്ങി ഒമാൻ. ഒമാനിൽ നിർമ്മിക്കുന്ന ആദ്യ ഇലക്ട്രിക് കാർ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും. മെയ്‌സ് കമ്പനി തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ മോഡൽ അലൈവ് 1 ആണ് നിരത്തിലിറങ്ങാനൊരുങ്ങുന്നത്.
അഞ്ച് സീറ്റുകളുള്ള വാഹനത്തിന് 38,964 യു.എസ് ഡോളർ (14,990 റിയാൽ) ആണ് വില. 30 മിനിറ്റ് ടർബോ ചാർജ് ചെയ്യാനുള്ള ഓപ്ഷനുൾപ്പെടെ ഒരുക്കിയിരിക്കുന്ന വാഹനം ഒറ്റത്തവണ ചാർജ് ചെയ്‌താൽ 510 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. പ്രാദേശികമായിത്തന്നെ സാധിക്കുന്ന ഭാഗങ്ങൾ നിർമ്മിച്ച് ചെലവ് കുറയ്ക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.
ഡീകാർബണൈസേഷൻ നയത്തിൻ്റെ ഭാഗമായി 2030-ഓടെ 22,000 ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ ഗൾഫ് രാജ്യങ്ങൾ പദ്ധതിയിടുന്നതായി ഒമാനി ഗതാഗത മന്ത്രി ഹമൂദ് അൽ മാവാലി പറഞ്ഞു.