പുതിയ അധ്യായം കുറിച്ച് സൗദി അറേബ്യയും ചൈനയും. സഹകരണത്തിന്റെ ഭാഗമായി സാംസ്കാരിക പങ്കാളിത്തം വികസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ബെയ്ജിങ് സന്ദർശനത്തിനിടെയാണ് സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും ചൈനീസ് സാംസ്കാരിക ടൂറിസം മന്ത്രി സൺ യാലിയും കരാറുകളിൽ ഒപ്പുവെച്ചത്.
മ്യൂസിയങ്ങൾ, സാംസ്കാരിക പൈതൃകം, തിയറ്റർ, വിഷ്വൽ ആർട്സ്, പെർഫോമിങ് ആർട്സ്, ലൈബ്രറികൾ, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ, പരമ്പരാഗത കരകൗശല കലകൾ എന്നീ മേഖലകളിലെ സഹകരണം ഉൾപ്പെടുന്നു. കൂടാതെ വിവിധ സാംസ്കാരിക മേഖലകളിലെ സംയുക്ത പദ്ധതികളിലെ അനുഭവങ്ങൾ കൈമാറുക, സാംസ്കാരികവശവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നയങ്ങളും കൈമാറ്റം ചെയ്യുക, ഇരു രാജ്യങ്ങളും തമ്മിലെ ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും പങ്കാളിത്തം കൈമാറുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സുഗമമാക്കുക, എല്ലാ തരത്തിലുമുള്ള പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളിലെ അനുഭവങ്ങൾ കൈമാറുക, ഇരു രാജ്യങ്ങളിലെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ കലാപരമായ റെസിഡൻസി പരിപാടികൾ സജീവമാക്കുക, ഇരു രാജ്യങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുക എന്നിവയാണ് ധാരണയിലുള്ളത്.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നായ അന്താരാഷ്ട്ര സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ താൽപര്യത്തിന്റെ ഭാഗമാണ് ഈ ധാരണ. കൂടാതെ എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളിലും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങളുടെ അടിസ്ഥാനത്തിലുമാണ് സഹകരണം. ഇരു രാജ്യങ്ങളെയും അവരുടെ ജനതയെയും സേവിക്കുന്നതിന് വേണ്ടി വിവിധ സാംസ്കാരിക മേഖലകളിലെ സഹകരണത്തിന്റെ ചക്രവാളങ്ങൾ വിപുലീകരിക്കാനുള്ള സൗദിയുടെ താൽപര്യംത്തെക്കുറിച്ചും മന്ത്രി ഊന്നിപ്പറഞ്ഞു.