കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് കന്റോൺമെന്റ് പൊലീസ്. ആൽഎൽവി രാമകൃഷ്ണന് എതിരെ അധിക്ഷേപ പരാമർശം നടത്തിയതിന്റെ പേരിലാണ് കേസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുട്യൂബ് ചാനൽ അഭിമുഖത്തില്‍ സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളിൽ എസ്‌സി /എസ്‌ടി പീഡന നിരോധന നിയമം പ്രകാരമാണ് കേസ്.
ചാലക്കുടി ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യുട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും സൗന്ദര്യമുള്ളവർ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നുമായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം.
പരാതിയുടെ അടിസ്ഥാനത്തിൽ അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് പൊലീസ് മേധാവിക്ക് പട്ടികജാതി–പട്ടികവർഗ കമ്മിഷൻ കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചെന്നും സംഭവത്തിൽ പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നുമായിരുന്നു ഡിജിപി എസ്.ദർവേഷ് സാഹിബിന് നൽകിയ നിർദേശത്തിൽ അവശ്യപ്പെട്ടത്.