ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചാർജിങ്ങ് നെറ്റ്‌വർക്കുകൾ വർധിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി(ടി.പി.ഇ.എം). ഇലക്ട്രിക് വാഹന ചാർജിങ്ങ് നെറ്റുവർക്കുകൾ വിപുലീകരിക്കുന്നതിനായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്.പി.സി.എൽ) സഹകരിക്കുന്നതിനായി ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഇരുകമ്പനികളുടെയും സഹകരണത്തോടെ 2024 ഡിസംബറിന് മുമ്പായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി 5,000 ഇലക്ട്രിക് ചാർജിങ്ങ് പോയന്റുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ ഉപയോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനും നിലവിലെ ഉടമകൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്നതിനുമാണ് പുതിയ തീരുമാനമെന്ന് കമ്പനികൾ വ്യക്തമാക്കി.
ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെ ഇന്ധന പമ്പുകളിലായിരിക്കും ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനുകൾ ഒരുക്കുകയെന്നാണ് റിപ്പോർട്ട്. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉള്ള മേഖലകളിലായിരിക്കും ഇത്തരത്തിൽ ചാർജിങ്ങ് സെൻ്ററുകൾ സ്ഥാപിക്കുക. കാര്യക്ഷമമായ ചാർജിങ്ങ് സേവനം ഉറപ്പാക്കുന്നതിനൊപ്പം ഇതിനുള്ള പണം ഈടാക്കുന്നതിനായി ആർ.എഫ്.ഐ.ഡി കാർഡ് മുഖേനയുള്ള പേമെന്റ് സംവിധാനം ഒരുക്കാനും തീരുമാനിച്ചതായാണ് വിവരം.