തമിഴ് നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും.
1975-ലാണ് ഡാനിയൽ ബാലാജിയുടെ ജനനം. കമൽ ഹാസന്റെ ‘മരുതനായക’ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഡാനിയൽ ബാലാജി, മലയാളം, തെലുങ്ക്, കന്നട സിനിമകളിലും പ്രത്യേക സാന്നിധ്യമായിട്ടുണ്ട്. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിന് പ്രശംസകൾ നേടിയിട്ടുണ്ട്. ‘ബ്ലാക്ക്’ എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി ഡാനിയൽ ബാലാജി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ‘ഭഗവാൻ’, മമ്മൂട്ടിയുടെ ‘ഡാഡി കൂൾ’ തുടങ്ങിയ ചിത്രങ്ങളിലും വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയിട്ടുണ്ട്.