ഗോൾഡൻ വിസ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ ബിസിനസ് ലൈസൻസുകൾക്ക് ഗോൾഡൻ, സിൽവർ ലൈസൻസുകൾ നൽകാനുളള തയ്യാറെടുപ്പുകളുമായി യുഎഇ. കഴിഞ്ഞ ദിവസം നടന്ന സാമ്പത്തിക ഏകീകരണ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച സൂചനകൾ നൽകിയത്. യുഎഇ സർക്കാറിൻ്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും മത്സരാധിഷ്ഠിത വ്യവസായത്തിനും പദ്ധതി ഗുണപരമാകുമെന്നാണ് വിലയിരുത്തൽ.
പത്ത് വർഷം വരെ സാധുതയുളള ബിസിനസ് ലൈസൻസുകളാണ് നൽകുക. ലൈസൻസ് ഫീസ് സംബന്ധിച്ച കാര്യങ്ങൾക്ക് അന്തിമ തീരുമാനമായിട്ടില്ല. സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പങ്കെടുത്ത സാമ്പത്തിക ഏകീകരണ സമിതി യോഗത്തിൽ വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി ഉൾപ്പടെ മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
2023 ഡിസംബർ വരെയുളള കണക്കുകൾ അനുസരിച്ച് രാജ്യത്തെ കമ്പനികളുടെ എണ്ണം 7,88,000 ആയി വർധിച്ചിട്ടുണ്ടെന്നും പുതിയ പദ്ധതികളിലുടെ യുഎഇയുടെ ബിസിനസ് അന്തരീക്ഷം വളർത്താൻ സാമ്പത്തിക ഏകീകരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ടെന്നും സാമ്പത്തിക മന്ത്രി പറഞ്ഞു. 2019 മുതലാണ് യുഎഇ നിക്ഷേപകർ, സംരംഭകർ, മികച്ച വിദ്യാർഥികൾ, മറ്റ് പ്രഫഷനലുകൾ എന്നിവർക്കായി ഗോൾഡൻ വീസ ഏർപ്പെടുത്തിയത്.