നജീബിന്റെ ആടുജീവിതം, ബ്ലെസ്സിയുടെയും

Date:

Share post:

ഒരു രാത്രി ഭൂമിയുടെ ഒരു കോണിൽ നിറയെ ആടുകൾക്ക് നടുവിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഒരു രൂപം. ആകാശത്തിന്റെ പ്രതിഭിംബം നിറഞ്ഞു നിൽക്കുന്ന വെള്ളം നിറച്ച പാത്രത്തിലേക്ക് ആ രൂപം തല താഴ്ത്തി വായ പിളർത്തി വെള്ളം കുടിക്കുന്നു. തലയുയർത്തി ദയനീയമായി നേരെ നോക്കുമ്പോൾ ചുറ്റും ആടുകളും ഇരുട്ടും ഇത്തിരി വെളിച്ചവും മാത്രം. ആടുകൾക്കിടയിലെ ഒരു മനുഷ്യ രൂപം മാത്രമായിരുന്നില്ല അത്, ആടുകളുടെ കൂടെ ജീവിച്ച് മറ്റൊരു ആടായി മാറിയ നജീബായിരുന്നു. നജീബിന് താഴെ എഴുത്തുകൾ പ്രത്യക്ഷപ്പെട്ടു, ‘ആടുജീവിതം… ദി ഗോട്ട് ലൈഫ്’.

ജീവന്റെ ജീവനായ കുടുംബത്തെ ജന്മനാട്ടിലാക്കി ജീവിതം കെട്ടിപ്പടുക്കാൻ മണലാരണ്യത്തിലേക്ക് വണ്ടി കയറുന്നവരാണ് പ്രവാസികൾ. ഗൾഫിലെത്തുമ്പോൾ പലപ്പോഴും പലരും പറ്റിക്കപ്പെടാറുമുണ്ട്. അത്തരത്തിൽ ചതിയിൽ അകപ്പെടുന്നവർക്ക് ദുരിതജീവിതം നയിക്കേണ്ടി വരാറുമുണ്ട്. വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ ജോലി തേടിയെത്തിയ നജീബ് എന്ന മലയാളി പ്രവാസിയുടെ യാതനകൾ നിറഞ്ഞ ജീവിതം ‘ആടുജീവിതം’ എന്ന നോവലിലൂടെ ബെന്യാമിൻ ലോകത്തിന് മുന്നിൽ എത്തിച്ചിരുന്നു. ആ യഥാർത്ഥ ജീവിതം ഇതാ വെള്ളിത്തിരയിൽ എത്തിയിരിക്കുന്നു. ആടുകളും ഒട്ടകങ്ങളും ഒപ്പം യാതനകൾ തിന്നു തീർന്ന നജീബിന്റെ ‘ആടുജീവിതവും’.

 

 

ഷുക്കൂർ എന്ന നജീബ്

ആലപ്പുഴയിലെ ആറാട്ടുപ്പുഴയിൽ പുഴയിൽ നിന്ന് മണൽ വാരുന്ന ജോലി ചെയ്തിരുന്ന ഷുക്കൂർ എന്ന് വിളിപ്പേരുള്ള നജീബ് ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ്‌ സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. കൂടെ, അതേ വഴി തന്നെ വിസ കിട്ടിയ മലപ്പുറത്തെ ഹക്കീം എന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ അവരുടെ സ്പോൺസറെ അന്വേഷിച്ചു നടക്കുമ്പോൾ ഒരു അറബിയെ കണ്ടു മുട്ടുകയും സ്പോൺസറാണെന്ന് (ആർബാബ്‌, അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസറ എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്തമായിട്ടുള്ള ആടുവളർത്തൽ കേന്ദ്രത്തിൽ ആയിരുന്നു.

വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയിൽ നജീബിനെ കാത്തിരുന്നത്. നജീബ് എത്തിയപ്പോൾ അവിടെ മറ്റൊരു വേലക്കാരൻ കൂടി ഉണ്ടായിരുന്നു. വർഷങ്ങൾ നീണ്ടു നിന്ന അടിമപ്പണി ഹിന്ദിക്കാരനായ അയാളെ ഒരു ഭീകരരൂപിയാക്കി മാറ്റിയിരുന്നു. നജീബ് വന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അയാളെ കാണാതായി. ഭീകര രൂപീ രക്ഷപ്പെട്ടെന്നായിരുന്നു നജീബ് കരുതിയത്. അതുപോലെ തനിക്കും ഒരു നാൾ രക്ഷപ്പെടാമെന്ന് നജീബും സ്വപ്നം കണ്ടു. എന്നാൽ അധികം ദൂരത്തല്ലാതെ ഒരിടത്ത് നിന്ന് ഭീകര രൂപീയുടെ കൈപ്പത്തിയും കൂടെ അഴുകിയ നിലയിലുള്ള ശരീരവും കണ്ടപ്പോൾ നജീബ് രക്ഷപ്പെടാനുള്ള എല്ലാ മാർഗ്ഗങ്ങളും ഉപേക്ഷിച്ചു.

അങ്ങനെ മസറയിലെ മുഴുവൻ ജോലികളും നജീബിന് ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. പച്ചപ്പാലും കുബൂസ് എന്ന അറബി റൊട്ടിയും ചുരുങ്ങിയ അളവിൽ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. നാട്ടിൽ പുഴവെള്ളത്തിൽ നിന്നും കരയ്ക്ക് കയറാതെ അധ്വാനിച്ചിരുന്ന നജീബിന് ദാഹമകറ്റാൻ വെള്ളം പോലും കിട്ടാത്ത അവസ്ഥ വളരെ ദയനീയമായിരുന്നു. നീണ്ടു നിവർന്ന മണൽകടൽ ഏറെ അകലെയല്ലാത്ത മറ്റൊരു മസറയിൽ അതേ സാഹചര്യങ്ങളിൽ ഒരു പക്ഷെ അതിനേക്കാൾ മോശം ജോലി ചെയ്തിരുന്ന ഹക്കീമിനെ നജീബ് വല്ലപ്പോഴും കാണുന്നത് അറബാബിനു (മുതലാളി)ഇഷ്ടമായിരുന്നില്ല.

ആടുകൾക്ക് നാട്ടിലെ സ്വന്തക്കാരുടെ പേരുകൾ നൽകി അവരുമായി സംവദിച്ച് തന്റെ ഏകാന്തതക്ക് നജീബ് ആശ്വാസം കണ്ടെത്തി. ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയിൽ ഇബ്രാഹിം ഖാദരി എന്നൊരു സൊമാലിയക്കാരൻ കൂടി ജോലിക്കാരനായി വന്നു. ഒളിച്ചോടാനുള്ള അവസരം പാർത്തിരുന്ന ഹക്കീമും ഖാദരിയും നജീബും മസറകളിലെ മുതലാളിമാർ അർബാബിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ അവസരം ഉപയോഗിച്ച് മസറ വിട്ട് ദൂരങ്ങൾ താണ്ടി ഓടി, ദുരിത ജീവിതത്തിൽ നിന്ന്മ രക്ഷ നേടാൻ. മരുഭൂമിയിലൂടെ ദിവസങ്ങൾ നീണ്ടു നിന്ന പലായനത്തിൽ ദിശനഷ്ടപ്പെട്ട അവർ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു നടന്നു. യാത്രയ്ക്കിടയിൽ ദാഹം സഹിക്കാതെ ചൂട് മണൽ വാരി തിന്ന് ഹക്കീം മരണം വരിച്ചു.

പിന്നെയും പലായനം തുടർന്ന ഖാദരിയും നജീബും ഒടുവിൽ ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീർത്ത് കുറച്ച് ദിവസം തങ്ങിയ ശേഷം അവർ വീണ്ടും യാത്ര തുടർന്നു. പിന്നീട് നജീബ് ഉറങ്ങി എണീറ്റപ്പോൾ ഖാദരിയെയും കാണാതായി. ഒടുവിൽ റോഡരികിൽ എത്തിയ നജീബിന് അതിലെ വന്ന വണ്ടികൾക്ക് കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. അവസാനം ദൈവത്തെ പോലെ അയാൾ വന്നു. അവിടെ നിന്നും ആ അറബി നജീബിനെ തന്റെ കാറിൽ കയറ്റി അടുത്ത പട്ടണമായ റിയാദിലെ ബത്‌ഹയിൽ എത്തിച്ചു. അവിടെ നിന്ന് ഒരു കൂട്ടം മലയാളികൾ നജീബിന്റെ രക്ഷകരായി എത്തി. അങ്ങനെ നജീബ് നാടണഞ്ഞു.

 

 

ആടുജീവിതം എന്ന സിനിമ

ബെന്യാമിന്റെ വാക്കുകളിലൂടെ കണ്ടറിഞ്ഞ നജീബിനെയും മസറയെയും അവിടുത്തെ മണൽത്തരികളെയും ബ്ലെസ്സി എന്ന സംവിധായകൻ കൺമുന്നിൽ കാണിച്ചു തരികയാണ് സിനിമയിലൂടെ. പുസ്തകം വായിച്ചിട്ടുള്ളവർക്ക് നജീബിനെയും അദ്ദേഹം നയിച്ച ദുരിത പ്രവാസത്തെയും അടുത്തറിയാം. എങ്കിലും പുസ്തകത്തെ അതേപടി പകർത്താതെ, എന്നാൽ അതിന്റെ കാതൽ ചോരാതെ നജീബിനെയും ആടുജീവിതത്തെയും ബ്ലെസ്സി പകർത്തി വച്ചിട്ടുണ്ട്, കൂടെ നജീബിന്റെയും ഭാര്യ സൈനുവിന്റെയും പ്രണയത്തെയും.

ആടുജീവിതത്തിന് ഇടയിലൂടെ നജീബ് സ്വപ്നത്തിലെന്നപോലെ തന്റെ നാട്ടിലേക്കും സൈനുവിലേക്കും പഴയ ജോലിയിലേക്കുമെല്ലാം തിരിച്ചു പോകുന്നുണ്ട്. ആറാട്ടുപുഴയിലെ പച്ചപ്പിൽ നിന്ന് ആടുജീവിതത്തിലേക്കുള്ള തന്റെ യാതനകൾ നിറഞ്ഞ യാത്രയെ വേദനയോടെ ഓർക്കുകയാണ് നജീബ്. കണ്ണിൽ നിന്ന് ധാരയായി ഒഴുകുന്ന കണ്ണീരുപ്പിനൊപ്പം അർബാബ് നൽകുന്ന ഗുബൂസ് വെള്ളത്തിൽ മുക്കി തിന്ന് വിശപ്പടക്കുന്ന നജീബായി സ്‌ക്രീനിൽ പൃഥ്വിരാജ് എത്തിയപ്പോൾ വെറുമൊരു കഥാപാത്രത്തെയല്ല, യഥാർത്ഥ നജീബിനെയാണ് പ്രേക്ഷകൻ കണ്ടത്. അവിടെ ഒരു താരത്തെ കാണാൻ കഴിഞ്ഞില്ലെന്നത് നടന്റെ ഏറ്റവും വലിയ വിജയമാണ്.

നജീബ് ചിരിച്ചപ്പോൾ പ്രേക്ഷകനും ചിരിച്ചു. നജീബ് കരഞ്ഞപ്പോൾ പ്രേക്ഷകന്റെ കണ്ണും മനസ്സും കണ്ണീരിൽ മുങ്ങി. നജീബിന് വിശന്നപ്പോൾ പ്രേക്ഷകന്റെ വയറ്റിനുള്ളിലും വിശപ്പ് വന്നു വിളിക്കുന്നുണ്ടായിരുന്നു. ഒരിറ്റു വെള്ളത്തിനായി അലയുന്ന നജീബിന്റെ വരണ്ട് പൊട്ടിയ ചുണ്ടുകൾ കണ്ടപ്പോൾ പ്രേക്ഷകനും ദാഹിച്ചു. ഒടുവിൽ, രക്ഷപ്പെടാൻ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണൽപരപ്പിലൂടെ ഓടി ഓടി കാലിടറി വീണപ്പോഴും കയ്യിൽ കിടന്ന സോഡാ കുപ്പി പതിയെ റോഡിലേക്ക് ഉരുണ്ട് പോയപ്പോഴും കണ്ടിരുന്ന പ്രേക്ഷകന്റെ കണ്ണീർ ഒഴുകുന്ന കവിളിൽ ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു. നമ്മൾ രക്ഷപ്പെട്ടു നജീബേ എന്ന് ഉറക്കെ കരഞ്ഞുകൊണ്ട് പറയുകയായിരുന്നു പ്രേക്ഷകരും. കാരണം, അവരും നജീബിനൊപ്പം മരുഭൂമിയിൽ ആടുജീവിതം നയിക്കുകയായിരുന്നു മൂന്ന് മണിക്കൂർ.

 

 

സുനിൽ കെ എസിന്റെ ക്യാമറ കണ്ണുകൾ 

ആറാട്ടുപുഴയിലെ പച്ചപ്പിൽ നിന്ന് റിയാദിലെ മണൽ കൂനകൾവരെ, അവിടെ നിന്ന് രക്ഷപ്പെട്ട് തിരികെ നാട്ടിലേക്ക് വിമാനം കയറുന്നത് വരെ നജീബിന്റെ യാത്രയിൽ പ്രേക്ഷകനെയും കൂടെ കൂട്ടിയത് സുനിലിന്റെ ക്യാമറ കണ്ണുകളായിരുന്നു. നാട്ടിലെ പുഴയും വെള്ളത്തിൽ മുങ്ങാം കുഴി ഇട്ട് മണൽ വാരുന്ന നജീബിനെയും സുഹൃത്തുക്കളെയും പുഴയോരത്തെ നജീബിന്റെ വീടിനെയും മസറയെയും മണൽ കൂനകളെയും സൂര്യാസ്തമയത്തെയും ചുഴലിക്കാറ്റിനെയും പാറക്കെട്ടുകളെയും ആടുകളുടെയും ഒട്ടകങ്ങളെയും നജീബ് അനുഭവിച്ച ഭീകര ജീവിതത്തെയും വാക്കുകൾ കൊണ്ട് പറഞ്ഞ പുസ്തകത്തെ ദൃശ്യങ്ങൾക്കൊണ്ട് കാണിച്ചു തരികയായിരുന്നു സുനിൽ. ആ മഹാത്ഭുതം കാണാൻ തിയറ്ററിൽ തന്നെ പോകേണ്ടിയിരിക്കുന്നു.

 

 

മരുഭൂമിയിലെ മഴപോലെ സംഗീതം 

സംഗീത ചക്രവർത്തി എ ആർ റഹ്മാൻ മരുഭൂമിയിൽ സംഗീതം കൊണ്ട് മഴ പെയ്യിക്കും പോലെ തോന്നി. ഓരോ ഈണത്തിലും നജീബിന്റെയും ഹക്കിമിന്റെയും ഇബ്രാഹിം കാദിരിയുടെയും മനസ്സ് സംഗീതത്തിലൂടെ സംസാരിക്കുകയായിരുന്നു. മണൽപരപ്പിലെ ചൂടും മഴയും ദുരിത ജീവിതത്തിലെ മരുപ്പച്ച തേടിയുള്ള നജീബിന്റെ യാത്രയും എ ആർ റഹ്മാന്റെ സംഗീതം കൊണ്ട് പ്രേക്ഷകൻ അടുത്തറിഞ്ഞു.

ഹൃദയം തുറന്ന് പടച്ചോനെ വിളിക്കുന്ന ഹക്കിമും നജീബും കാദിരിയും… ‘പെരിയോനെ റഹ്‌മാനെ…’ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എ ആര്‍ റഹ്‌മാന്റെ മാന്ത്രികതയില്‍ വീണ്ടുമൊരു മായാജാലം കൂടി. യാതനകളും വേദനകളും തിന്ന് നജീബ് അനുഭവിച്ച പ്രവാസ ജീവിതത്തെ ബ്ലെസി വെള്ളിത്തിരയിലെത്തിച്ചപ്പോൾ എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു. മരുഭൂമിയിലെ ചുഴലിക്കാറ്റിന്റെയും മഴയുടെയും ഇഴഞ്ഞു നീങ്ങുന്ന പാമ്പുകളുടെയും ഒട്ടകങ്ങളുടെയും ആടുകളുടെയുമെല്ലാം ശബ്ദം പ്രേക്ഷകന് തൊട്ടടുത്ത് നിന്ന് അനുഭവിക്കും പോലെ തോന്നിയെങ്കിൽ അതിന് പിന്നിലെ മജീഷ്യൻ ഓസ്കാർ പുരസ്‌കാര ജേതാവായ റസൂൽ പൂക്കുട്ടിയാണ്.

 

 

വസ്ത്രങ്ങളും ചമയവും 

കള്ളികളുള്ള ഷർട്ടും പാന്റുമിട്ട നജീബിനെയും ജീൻസും ടി ഷർട്ടും ഷൂവുമെല്ലാം അണിഞ്ഞ ഹക്കിമിനെയും കണ്ട പ്രേക്ഷകർക്ക് മുന്നിൽ കീറിപ്പറിഞ്ഞ കട്ടിയുള്ള ചാക്ക് പോലത്തെ അറബ് വസ്ത്രം ധരിച്ചുകൊണ്ട് ആടുജീവിതം നയിച്ച നജീബിനെയും ഹക്കിമിനെയും സ്റ്റെഫി സേവ്യർ എന്ന കോസ്റ്റും ഡിസൈനർ കാണിച്ചു തന്നു. ഇതാണ്, ഇങ്ങനെയാണ് നജീബ് ആടുജീവിതം നയിച്ചതെന്ന് സ്റ്റെഫി കഥാപാത്രത്തിന് നൽകിയ വസ്ത്രങ്ങൾ പ്രേക്ഷകരോട് പറഞ്ഞു. അടുത്തിടെ സംവിധായികയുടെ കുപ്പായമണിഞ്ഞ ഈ മിടുക്കി കോസ്റ്റും ഡിസൈനറുടെ കരിയർ ഗ്രാഫിൽ മറ്റൊരു സൂപ്പർ ഹിറ്റ്‌ കൂടി എഴുതി ചേർക്കപ്പെട്ടിരിക്കുന്നു. നിറമില്ലാത്ത നജീബിന്റെയും ഹക്കിമിന്റെയും ആടുജീവിതത്തിന് അനുയോജ്യമായ നിറങ്ങൾ നൽകിയത് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയാണ്. മണലാരണ്യത്തിലെ കഠിന ചൂട് ഏറ്റുവാങ്ങി, ഒന്ന് കുളിക്കാൻ പോലും പറ്റാതെ ഭീകര രൂപികളായി വർഷങ്ങൾ തള്ളി നീക്കിയ നജീബിന്റെയും ഹക്കിമിന്റെയും രൂപം രഞ്ജിത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു.

 

 

ബെന്യാമിൻ

ബെന്നി ഡാനിയേൽ എന്ന ബെന്യാമിൻ. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനടയാണ് ജന്മദേശമെങ്കിലും എഴുത്തുകാരനും പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസം. ഗൾഫിലെ ജോലിക്കാരുടെ വിജയകഥകളായിരുന്നു ബെന്യാമിൻ കൂടുതലും കേട്ടിരുന്നത്. അതുകൊണ്ട് തന്നെ ഒരു പരാജയകഥയെഴുതാൻ ഇദ്ദേഹത്തിന് ഒരു പ്രത്യേക താല്പര്യമുണ്ടായിരുന്നു. സുഹൃത്തായ സുനിൽ പറഞ്ഞ് നജീബിന്റെ കഥ കേട്ടപ്പോൾ “ലോകത്തോടുപറയാൻ ഞാൻ കാത്തിരുന്ന കഥ ഇതായിരുന്നുവെന്നും എനിക്കീ കഥ പറഞ്ഞേ മതിയാകൂ എന്നും തോന്നി” എന്നാണ് ബെന്യാമിൻ അഭിപ്രായപ്പെട്ടത്. നജീബ് ബെന്യാമിനെ ബഹ്റൈനിൽ വെച്ച് പിന്നീട് കണ്ടുമുട്ടുകയുമുണ്ടായി.

 

 

 

മണിക്കൂറുകളോളം നജീബുമായി സംസാരിച്ച് ബെന്യാമിൻ ആടുജീവിതം പേനത്തുമ്പിൽ നിന്ന് പുസ്തകത്തിലേക്ക് പകർത്തി. നജീബിന്റെ ജീവചരിത്രം തേച്ചുമിനുക്കുകയോ മധുരമുള്ളതാക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് ബെന്യാമിന് തോന്നിയില്ല. കയ്പ് നിറഞ്ഞ, ഒരിക്കലും ഓർക്കാൻ നജീബ് ഇഷ്ടപ്പെടാത്ത് ആ പ്രവാസ ജീവിതത്തെ നജീബിന്റെ ആടുജീവിതത്തെ ബെന്യാമിന്റെ തൂലികയിലൂടെ ലോകമറിഞ്ഞു. നജീബിനെയും ബെന്യാമിനെയും ലോകം വാഴ്ത്തി. ആടുജീവിതത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയതും കഥാപാത്രമായ നജീബ് തന്നെ.

 

 

ബ്ലെസ്സിയും പൃഥിയും 

നീണ്ട 16 വർഷങ്ങൾ. ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും കാലം ജീവിതം മാറ്റിവച്ച സംവിധായകൻ വേറെ ഉണ്ടാവുമോ എന്നറിയില്ല. ആടുജീവിതത്തെയും നജീബിനെയും ബിഗ് സ്ക്രീനിലെത്തിക്കാൻ ബ്ലെസ്സി അത്രത്തോളം കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. ആരോഗ്യമോ കാലത്തിന്റെ മാറ്റമോ കൊറോണയെന്ന മഹാമാരിയോ അദ്ദേഹത്തിന് മുന്നിൽ ഒരു കടമ്പ ആയിരുന്നില്ല. ലക്ഷ്യം ഒന്നു മാത്രം, ‘ആടുജീവിതം ഒരു ബ്ലെസ്സി ചിത്രം’.

 

 

നജീബാവാൻ വിക്രത്തെയും സൂര്യയെയുമെല്ലാം സമീപിച്ചെങ്കിലും ഇത്രയും വർഷം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റിവയ്ക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. അങ്ങനെ നജീബിന്റെ ആടുജീവിതം നയിക്കാൻ ഒടുവിൽ പൃഥ്വിരാജിനെ തേടിയെത്തി ബ്ലെസ്സി. കഥയെയും കഥാപാത്രത്തിന് ആവശ്യമായ രൂപ മാറ്റവും എല്ലാം പൃഥ്വിരാജ് എന്ന വ്യക്തിയെയും നടനെയും വളരെയധികം മാറ്റിയെടുത്തു. ശരീരം കൊണ്ട് മാത്രമല്ല, മനസ്സ് കൊണ്ടും താരം നജീബ് എന്ന ആറാട്ടുപ്പുഴക്കാരനായി. മസറയിലെ ആടുകൾക്കൊപ്പം ആടുജീവിതം നയിക്കുന്ന ആജാനുബാഹുവായി. ഒരു നടനും ഒരിക്കലും ചെയ്യാത്ത കാര്യങ്ങളാണ് പൃഥ്വിരാജ് എന്ന നടൻ ഒരു സിനിമയ്ക്ക് വേണ്ടി, ഒരു കഥാപാത്രത്തിനായി സഹിച്ചത്. ഹക്കീമായെത്തിയ കെ ആർ ഗോകുൽ എന്ന ചെറുപ്പക്കാരനും ഞെട്ടിച്ചു കളഞ്ഞു. കഥാപാത്രത്തിന് ആവശ്യമായതെല്ലാം ഗോകുലും ചെയ്തിരുന്നു.

 

 

സമൂഹ മാധ്യമങ്ങളിൽ നടന്റെ രൂപമാറ്റം വൈറലായിരുന്നു. സിനിമ തിയ്യറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി പ്രദർശനം തുടരുമ്പോൾ പൃഥിരാജെന്ന നടന്റെ കഠിന പ്രയത്നത്തെയും വാനോളം പുകഴ്ത്തുകയാണ് പ്രേക്ഷകർ. ഓസ്കാർ നേട്ടത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല എന്ന് സിനിമ കണ്ടിറങ്ങുന്നവർ പറയുന്നു. മലയാള സിനിമ ലോകത്തിന്റെ നെറുകയിൽ കിരീടം ചൂടി നിൽക്കുന്നത് കാണാൻ ഇനി അധികം ദൂരമില്ലെന്നതിന്റെ തെളിവാണിത്.

 

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...