വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐ.എ.എസിന് കത്ത് നൽകി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമാണ് ‘വീട്ടിൽ വോട്ട്’സൗകര്യം.
വീട്ടിൽ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധികാരിക രേഖയാക്കുന്നതിന് പകരം ആധാർ ഉൾപ്പെടെയുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വോട്ടിംഗ് പ്രക്രിയ സുതാര്യവും സത്യസന്ധവുമാക്കുന്നതിന് വേണ്ടി വോട്ടിംഗ് സമയക്രമം സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരെ മുൻകൂട്ടി അറിയിക്കാനും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കണം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്ന രീതി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. വോട്ടിംഗ് സമയക്രമം യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഏജന്റുമാരെ അറിയിക്കാത്ത സംഭവങ്ങളുമുണ്ടായി. സീൽഡ് കവറുകൾ ഉപയോഗിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു. സീൽഡ് കവറുകൾക്ക് പകരം തപാൽ വോട്ടുകൾ ബാലറ്റ് പെട്ടികളിൽ തന്നെ സൂക്ഷിക്കാൻ കർശന നിർദ്ദേശം നൽകണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.