അടുത്ത വര്‍ഷം ഇന്ത്യയിൽ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ യുഎഇ അതിഥി രാജ്യമായി പങ്കെടുക്കും. ഇന്ത്യയുടെ അധ്യക്ഷതയില്‍ ഡെല്‍ഹിയിലാണ് ഉച്ചകോടി. 2023 സെപ്റ്റംബർ ഒൻപത്, പത്ത് തിയതികളിലായി ഡൽഹിയിൽ വച്ചാണ് ഉച്ചകോടി നടക്കുന്നത്. ബംഗ്ലാദേശ്, മൊറീഷ്യസ്, ഈജിപ്ത്, നെതർലാൻഡ്, ഒമാൻ, നൈജീരിയ, സിങ്കപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളേയും അതിഥി രാജ്യങ്ങളായി ക്ഷണിച്ചു. ഇന്ത്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിന്റെ പ്രധാന ഫോറം എന്ന നിലയിലാണ് കൂട്ടായ്മയെ വിലയിരുത്തുന്നത്. ആഗോള ജിഡിപിയുടെ 85 ശതമാനവും ജി-20 രാജ്യങ്ങളുടെ സംഭാവനയാണ്. അന്താരാഷ്ട്ര വ്യാപാരങ്ങലുടെ 75 ശതമാനവും ജി-20 രാഷ്ട്രങ്ങളാണ് വഹിക്കുന്നത്. രാജ്യങ്ങൾക്ക് പുറമെ യുഎൻ, ഐഎംഎഫ്, ലോകബാങ്ക്, ലോകാരോഗ്യ സംഘടന, രാജ്യാന്തര തൊഴിൽ ഓർഗനൈസേഷൻ തുടങ്ങിയ വിവിധ സംഘടനകളും ജി20 ഫോറത്തിന്റെ ഭാഗമാണ്.
ഇന്ത്യയ്ക്ക് പുറമെ യുഎസ്, യുകെ, അർജന്റീന, ബ്രസീൽ, കാനഡ, ഓസ്ട്രേലിയ, ചൈന, ഇറ്റലി, ജർമ്മനി, ഇൻഡോനീഷ്യ, ഫ്രാൻസ്, റഷ്യ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക, ജപ്പാൻ, മെക്സിക്കോ, തുർക്കി, യൂറോപ്യൻ യൂണിയൻ, സൗദി അറേബ്യ എന്നവയാണ് ജി-20 യിലെ പ്രമുഖ രാജ്യങ്ങൾ.
സാമ്പത്തിക നയം, കൃഷി, സംസ്കാരം, അടിസ്ഥാന സൗകര്യം, നിയമ നിർമാണം, തൊഴിൽ തുടങ്ങി നിരവധി വിഷയങ്ങൾ സമ്മേളനം അവലോകനം ചെയ്യും. സുസ്ഥിര വളർച്ച, പരിസ്ഥിതി, ജീവിത ശൈലി, വനിതാ ശാക്തീകരണം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം എന്നിവ പ്രധാന ഘടകങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, എന്നിവയിലും ഉച്ചകോടി നിര്‍ണായക തീരുമാനങ്ങൾ പ്രഖ്യാപിക്കാറുണ്ട്.
ഈ വർഷം ഡിസംബർ മുതൽ അടുത്ത വർഷം നവംബർ വരെയാണ് ഇന്ത്യ ജി-20 അധ്യക്ഷപദവി അലങ്കരിക്കുക. പിന്നീട് ബ്രസീലിന്റെ അധ്യക്ഷതയിലായിരിക്കും ജി-20 കൂട്ടായ്മ.