വീണ്ടും തേരോട്ടം തുടർന്ന് ചെന്നൈ സൂപ്പർ കിങ്സ്; ഗുജറാത്തിനെതിരെ 63 റൺസിന്റെ ആധികാരിക ജയം

Date:

Share post:

ഹോം ​ഗ്രൗണ്ടിൽ വീണ്ടും വിജയക്കൊടി പാറിച്ച് ചെന്നൈ സൂപ്പർ കിങ്സ്. പുതിയ സീസണിൽ നായകന്റെ സ്ഥാനത്ത് നിന്ന് ധോണി മാറിയെങ്കിലും ടീമിന്റെ കരുത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ഞപ്പട. ഹോം ഗ്രൗണ്ടിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ ശുഭ്‌മാൻ ഗില്ലിൻ്റെ ഗുജറാത്ത് ടൈറ്റൻസിനെയാണ് ഋതുരാജ് ഗെയ്ക്വാദും ടീമും പരാജയപ്പെടുത്തിയത്. 63 റൺസിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഇതോടെ സിഎസ്കെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ചെന്നൈ: 206/6 (20 ഓവർ). ഗുജറാത്ത്: 143/8 (20 ഓവർ) എന്നിങ്ങനെയാണ് സ്കോർ.

ആദ്യ ഓവറുകളിൽ രചിൻ രവീന്ദ്ര തുടങ്ങിവച്ച തകർപ്പൻ പ്രകടനം അവസാന ഓവറുകളിൽ ശിവം ദുബെ ഏറ്റെടുത്തതോടെയാണ് ടൈറ്റന്‍സിനു മുന്നിൽ ചെന്നൈ കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്‌. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ തുടക്കം മുതൽ മുതൽ ​ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 206 റൺസാണ് ചെന്നൈ നേടിയത്. 23 പന്തിൽ നിന്ന് 51 റൺസെടുത്ത ശിവം ദുബെ ഗുജറാത്തിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും രചിൻ രവീന്ദ്രയും ചേർന്ന് കരുത്തുറ്റ തുടക്കം നൽകിയതും ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചു.

ഓപ്പണർമാരായ ഗെയ്ക്‌വാദും രചിൻ രവീന്ദ്രയും അസ്‌മത്തുള്ള ഒമർസായി എറിഞ്ഞ ആദ്യ ഓവറിൽ പതിഞ്ഞുനിന്നു. ഒമർസായ് വഴങ്ങിയത് വെറും രണ്ട് റൺസ്. പക്ഷേ പിന്നീടെത്തിയ ഉമേഷ് യാദവിൻ്റെ ഓവർ മുതലാണ് കടുത്ത ആക്രമണം തുടങ്ങിയത്. രചിൻ രവീന്ദ്രയുടെ പ്രകടനത്തിൽ പവർപ്ലേയിൽത്തന്നെ ചെന്നൈ നേടിയത് 69 റൺസാണ്. ആറാം ഓവറിൽ രചിൻ രവീന്ദ്രയെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ച് റാഷിദ് ഖാനാണ് ഗുജറാത്തിന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. 20 പന്തുകളിൽ മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 46 റൺസാണ് രവീന്ദ്ര നേടിയത്. പിന്നാലെയെത്തിയ അജിങ്ക്യ രഹാനെയെ (12 പന്തിൽ 12) സായ് കിഷോർ സാഹയുടെ കൈകളിലെത്തിച്ചു.

പിന്നീട് ഗെയ്ക്ക്വാദും ശിവം ദുബെയും ചേർന്നായി ആക്രമണം. 11 ഓവർ പിന്നിട്ടപ്പോൾ ചെന്നൈയുടെ സ്കോർ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 119 റൺസ്. 13-ാം ഓവറിൽ ഗെയ്ക്ക്വാദിനെ സ്പെൻസർ ജോൺസൺ സാഹയുടെ കൈകളിലേക്ക് നൽകി മടക്കി (36 പന്തിൽ 46 റൺസ്). 19-ാം ഓവറിൽ ശിവം ദുബെ മടങ്ങുമ്പോൾ ടീം സ്കോർ 184. ദുബെയും ഡറിൽ മിച്ചലും ചേർന്ന് നാലാം വിക്കറ്റിൽ 57 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഡറിൽ മിച്ചൽ 20 പന്തിൽ 24 റൺസ് നേടി പുറത്താകാതെ നിന്നു. കോടികളുടെ കിലുക്കത്തോടെ വിളിച്ചെടുത്ത സമീർ റിസ്വി ആറ് പന്തിൽ 14 റൺസെടുത്തു. രണ്ട് സിക്സ‌സ് ഉൾപ്പെടെയാണിത്. മോഹിത് ശർമയുടെ പന്തിൽ ഡേവിഡ് മില്ലറിന് ക്യാച്ച് നൽകിയാണ് റിസ്വി മടങ്ങിയത്. അവസാന പന്തിൽ രവീന്ദ്ര ജഡേജ റണ്ണൗട്ടായി (3 പന്തിൽ 7 റൺസ്).

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് മൂന്നാം ഓവറിൽത്തന്നെ നായകൻ ശുഭ്‌മാൻ ഗില്ലിനെ നഷ്‌ടപ്പെട്ടു. അഞ്ച് പന്തിൽ എട്ട് റൺസെടുത്ത ക്യാപ്റ്റനെ ദീപക് ചാഹർ വിക്കറ്റിന് മുന്നിൽ കുരുക്കി. പവർ പ്ലേയ്ക്കുള്ളിൽ ഓപ്പണർ വൃദ്ധിമാൻ സാഹയെയും ചാഹർ പറഞ്ഞയച്ചു. 17 പന്തിൽ 21 റൺസെടുത്ത താരത്തെ തുഷാർ ദേശ്‌പാണ്ഡെയുടെ കൈകളിലേക്ക് നൽകുകയായിരുന്നു. ഡറിൽ മിച്ചലിന്റെ പന്തിൽ ധോനിക്ക് ക്യാച്ച് നൽകി വിജയ് ശങ്കറും (12 പന്തിൽ 12) മടങ്ങിയതോടെ ഗുജറാത്തിന് ആത്മവിശ്വാസം നഷ്‌ടപ്പെട്ടു. 16 പന്തിൽ 21 റൺസെടുത്ത് ഡേവിഡ് മില്ലറും മടങ്ങി. 31 പന്തിൽ 37 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ. മതീശ പതിരണയ്ക്കാണ് സുദർശന്റെ വിക്കറ്റ്.

പിന്നാലെ അസ്‌മത്തുള്ള ഒമർസായ് (11), റാഷിദ് ഖാൻ (1), രാഹുൽ തെവാട്ടിയ (6) എന്നിവരും മടങ്ങിയതോടെ ഗുജറാത്ത് മുട്ടുമടക്കി. ചെന്നൈക്കുവേണ്ടി ദീപക് ചാഹർ, തുഷാർ ദേശ്‌പാണ്ഡെ, മുസ്‌താഫിസുർ റഹ്‌മാൻ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ ഡറിൽ മിച്ചലും മതീശ പതിരണയും ഓരോ വിക്കറ്റ് നേടി. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ സായ് കിഷോർ, സ്പെൻസർ ജോൺസൺ, മോഹിത് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....