സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഏപ്രിലിൽ ഈദുൽ ഫിത്തറിന് 4 ദിവസത്തെ അവധി ലഭിക്കുമെന്ന് കിംഗ്ഡം ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് മന്ത്രാലയം അറിയിച്ചു. മിക്ക ജീവനക്കാർക്കും ഏപ്രിൽ 8 (റമദാൻ 29, 1445) തിങ്കളാഴ്ച മുതൽ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. എന്നാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാജ്യത്തെ ഔദ്യോഗിക വാരാന്ത്യ അവധി ദിവസങ്ങളായതിനാൽ തുടർച്ചയായി ആറ് ദിവസത്തെ അവധി ആസ്വദിക്കാനാകും.
ഏപ്രിൽ 14-ന് ഞായറാഴ്ച ജീവനക്കാർ ജോലിയിൽ തിരിച്ചെത്തുമെന്നും അധികൃതർ അറിയിച്ചു. അതേസമയം തൊഴിൽ നിയമത്തിൻ്റെ എക്‌സിക്യൂട്ടീവ് റെഗുലേഷൻ്റെ ആർട്ടിക്കിൾ 24-ൻ്റെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തൊഴിലുടമകൾ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വിശുദ്ധ മാസമായ റമദാനിൻ്റെ സമാപനത്തെയാണ് ഈദ് അൽ ഫിത്തർ സൂചിപ്പിക്കുന്നത്. ചന്ദ്രൻ്റെ ദർശനത്തെ ആശ്രയിച്ച് റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ ആകാം. റമദാനിന് ശേഷം വരുന്ന മാസമായ ഷവ്വാൽ ആദ്യ ദിവസമാണ് ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്.
അതേസമയം ഈദ് അൽ ഫിത്തർ ആഘോഷങ്ങൾക്കായി യുഎഇയിൽ ഒമ്പത് ദിവസം വരെ അവധി ലഭിക്കാൻ സാധ്യതയുണ്ട്. പൊതു, സ്വകാര്യ മേഖലകളിൽ യുഎഇ സർക്കാർ പ്രഖ്യാപിച്ച അവധികളുടെ പട്ടിക പ്രകാരം റമദാൻ 29 മുതൽ ശവ്വാൽ 3(ഏപ്രിൽ 9)വരെയാണ് അവധി. റമദാൻ 30 ദിവസം നീണ്ടുനിൽക്കുന്നെങ്കിൽ, ഈദ് ഏപ്രിൽ 10-നാണ്.