സൗദിയിൽ ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ മൂല്യനിർണ്ണയത്തിന് വിധേയമാക്കാനൊരുങ്ങി സൗദി വാണിജ്യ മന്ത്രാലയം. രാജ്യത്തെ ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ നിലവാരവും ശേഷിയും വർധിപ്പിക്കുന്നതിനായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷാവസാനത്തോടെ രാജ്യത്തെ 17,000ത്തോളം വരുന്ന ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ മൂല്യനിർണ്ണയത്തിന് വിധേയമാക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
പ്രധാനമായും 11 മാനദണ്ഡങ്ങൾക്ക് വിധേയമായാണ് മൂല്യനിർണ്ണയം നടത്തുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായത്തോടെ നിർണയത്തിനായി പ്രത്യേക പദ്ധതികൾ തയ്യാറാക്കാനാണ് തീരുമാനം. ഓട്ടോമേറ്റഡ് റോബോട്ടിക് സിസ്റ്റമാണ് ഇതിനായി ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്. മൂല്യനിർണ്ണയത്തിന് ശേഷമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്ക് അവരുടെ നില മെച്ചപ്പെടുത്തുന്നതിനുള്ള അവസരമുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിൻ്റെ മാനദണ്ഡങ്ങൾ പാലിക്കുക, സ്‌റ്റോറുകളുടെ അവകാശങ്ങൾ സംരക്ഷിക്കുക, രാജ്യത്തെ ഇ-കൊമേഴ്‌സ് സ്‌റ്റോറുകളുടെ നിലവാരം വർധിപ്പിക്കുക, ഉപഭോക്താക്കൾക്ക് സുരക്ഷിത ഷോപ്പിംഗ് സമ്മാനിക്കുക, ഉപഭോക്താക്കളുടെ പരാതികൾ കുറയ്ക്കുക തുടങ്ങിയവയിലൂന്നിയാണ് സർവേ നടത്തപ്പെടുക.