മരുഭൂമിയിൽ വർഷങ്ങളോളം യാതനയനുഭവിച്ച നജീബ് എന്ന പ്രവാസിയുടെ ജീവിതം സിനിമയാകുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയിലാണ്. അതേ ആകാംക്ഷയോടെയാണ് നജീബിന്റെ കുടുംബവും സിനിമയ്ക്കായി കാത്തിരുന്നത്. എന്നാൽ ഉപ്പയുടെ ജീവിതം തിയേറ്ററിൽ കാണാൻ കാത്തിരുന്ന പ്രവാസിയായ മകൻ സഫീർ ശുക്കൂറിനെ തേടിയെത്തിയത് ഒന്നരവയസുകാരിയായ മകൾ സഫാ മറിയത്തിൻ്റെ മരണ വാർത്തയാണ്. അപ്രതീക്ഷിതമായ മകളുടെ വിയോഗം താങ്ങാനാകാത്ത അവസ്ഥയിലാണ് സഫീറും കുടുംബവും.
ശ്വാസംമുട്ടലിനെ തുടർന്ന് വെള്ളിയാഴ്‌ച രാത്രിയാണ് സഫാ മറിയത്തിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശനിയാഴ്‌ച നാലരയോടെ സഫ മരണപ്പെടുകയായിരുന്നു. സഫീർ-മുബീന ദമ്പതികളുടെ ഏകമകളാണ് സഫ. മകൾ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു സഫീറും കുടുംബവും. ഒരു കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ സഫയുടെ വേർപാട് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
ഉപ്പയുടെ പ്രവാസ ജീവിതത്തിലെ ദുരിതത്തേക്കുറിച്ച് മനസിലാക്കിയ സഫീർ ജീവിക്കാൻ മാറ്റ് മാർഗമില്ലാതെ വന്നതോടെ 8 വർഷം മുമ്പാണ് മനസില്ലാമനസോടെയാണ് ഒമാനിലേയ്ക്ക് വിമാനം കയറിയത്. മസ്‌കത്ത് വാദികബീറിലെ നെസ്റ്റോ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന സഫീർ ഉപ്പയുടെ ജീവിത കഥയായ ആടുജീവിതം കുടുംബത്തോടൊപ്പം കാണാനായി നാട്ടിലേയ്ക്ക് പോകിനിരിക്കുകയായിരുന്നു. അതിനിടെയാണ് ഞെട്ടിച്ച് മകളുടെ മരണവാർത്തയെത്തുന്നത്. ഇതോടെ ഹൃദയം നുറുങ്ങുന്ന വേദന അനുഭവിക്കുകയാണ് സഫീറും കുടുംബവും.