ചൂട് അസഹനീയമായതോടെ വെന്തുരുകുകയാണ് ജനം. ചൂടിനെ അതിജീവിക്കുന്നതിനായി തണുത്ത വെള്ളവും പഴവർഗങ്ങളുമെല്ലാം ആവശ്യാനുസരണം കഴിക്കാറുമുണ്ട്. അത്തരത്തിൽ എല്ലാവരും കഴിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. നോമ്പ് കാലം കൂടിയായതോടെ തണ്ണിമത്തൻ പ്രധാനപ്പെട്ട ഒരു വിഭവവുമായി മാറിയിട്ടുണ്ട്. ദാഹവും ക്ഷീണവുമകറ്റാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ലെന്നതാണ് അതിന് കാരണം.
തണ്ണിമത്തൻ വാങ്ങിയശേഷം മിക്കവരും അത് ഫ്രിഡ്ജിലാണ് സൂക്ഷിക്കാറുള്ളത്. ജലാംശം ശരീരത്തിലെത്തുന്നതോടൊപ്പം കുറച്ച് തണുപ്പോടെ അവ കഴിക്കുന്നത് ആശ്വാസമാണ് എന്നതിനാലാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. എന്നാൽ അതുമൂലം തണ്ണിമത്തനിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടുമെന്നതിനാൽ അത് പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പോഷകങ്ങൾ പുറത്ത് അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്ന തണ്ണിമത്തന് ഉണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല, മുറിച്ച തണ്ണിമത്തൻ ഒരിക്കലും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്. ഇത് ബാക്ടീരിയകൾ വളരാൻ ഇടയാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തണ്ണിമത്തൻ തണുപ്പിച്ച് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്മൂത്തിയായോ മിൽക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. 95 ശതമാനം വരെ ജലാംശം അടങ്ങിയ തണ്ണിമത്തനെ ഇനി അതിന്റെ പോഷക ഗുണങ്ങൾ നഷ്ടപ്പെടുത്താതെ കഴിച്ചുതുടങ്ങാം.