ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും ഓസ്കാർ ജേതാവുമായ ഴാങ് ലൂക് ഗൊദാർദ് (91)ഇന്ന് പുലർച്ചെ അന്തരിച്ചു. ചലച്ചിത്ര നിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമാതാവ്, സംവിധായകൻ തുടങ്ങിയ സിനിമാ മേഖലകളിലെല്ലാം ശ്രദ്ധേയനായ വ്യക്തിയായിരുന്നു. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായിരുന്ന ഗൊദാർദ് സമഗ്രസംഭാവനയ്ക്കുള്ള ഓസ്കാർ പുരസ്കാരവും സ്വന്തമാക്കി.
1950-ൽ പാരീസിലെ സോർബൺ യുണിവേഴ്സിറ്റിയിൽനിന്ന് നരവംശശാസ്ത്രത്തിൽ ഉന്നതബിരുദം നേടിയ ഗൊദാർദ് തിരക്കഥാരചനയിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. ആദ്യകാല ചിത്രങ്ങൾ പലതും കുറ്റകൃത്യങ്ങളും സ്ത്രീലൈംഗികതയും അടിസ്ഥാനപ്പെടുത്തിയതായിരുന്നു. ബ്രെത്ത്ലെസ് ആണ് ആദ്യ ചിത്രം. എ വുമൺ ഈസ് എ വുമൺ (1969) ആദ്യ കളർചിത്രമാണ്.
ടൂ ഓർ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെർ (1966) എന്ന ചിത്രം ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ദ സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന ഗൊദാർദ്, രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ച് സിനിമകൾ നിർമിച്ചു. എഴുപതുകളിൽ വിഡിയോയും ടെലിവിഷൻ പരമ്പരകളുമായിരുന്നു ഗൊദാർദിൻ്റെ മാധ്യമം. എൺപതുകളിൽ വീണ്ടും ചലച്ചിത്രരംഗത്തേക്ക് എത്തിയിരുന്നു.