നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിൽ വിരാട് കോലി ഉൾപ്പെടില്ലെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോകകപ്പിൽ കോലിക്ക് തിളങ്ങാൻ കഴിയില്ലെന്നാണ് ബി.സി.സി.ഐയുടെയും സെലക്ടർമാരുടെയും നിലപാട്. 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗം കീർത്തി ആസാദാണ് ഇതുസംബന്ധിച്ച പോസ്റ്റ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. ഇതോടെ ആരാധകർ ഉൾപ്പെടെ കടുത്ത ആശങ്കയിലാണ്.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും കോലി ടീമിനൊപ്പം കളിച്ചിരുന്നില്ല. കോലിയുടെ പൊസിഷനിൽ പരമാവധി റൺസ് നേടാൻ കഴിയുന്ന താരങ്ങൾ പുതിയതായി വന്നത് ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് താരത്തെ തഴയുന്നതെന്നാണ് റിപ്പോർട്ടുകൾ ഉയരുന്നത്. അതേസമയം രോഹിത് ശർമ ടി20 ലോകകപ്പിൽ ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ നേരത്തേതന്നെ അറിയിക്കുകയും ചെയ്തിരുന്നു.
ജൂൺ ഒന്ന് മുതൽ 29 വരെ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നിരവധി ആരാധകർ കാത്തിരിക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം 9ന് ന്യൂയോർക്കിലാണ് നടക്കുക.