രുചി വൈവിധ്യങ്ങളുടെ സംഗമ വേദിയാകുകയാണ് യുഎഇയിലെ ഒരോ ഇഫ്താർ സംഗമവും. റമദാൻ മാസത്തിന് വേണ്ടി മാത്രം പ്രത്യേകമായി തയ്യാറാക്കുന്ന വിഭവങ്ങൾക്കും തനത് വിഭവങ്ങൾക്കും ഒരുപോലെയാണ് ഡിമാന്റ് വർധിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും പ്രിയമേറുന്നത് കേരളത്തിലെ പലഹാരങ്ങൾക്ക് തന്നെയാണ്. ദിവസേന കേരളത്തിലെ നോമ്പുതുറ വിഭവങ്ങൾ അന്വേഷിച്ചെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്നാണ് യുഎഇയിലെ ബേക്കറി – റസ്റ്റോറന്റ് ഉടമകൾ വ്യക്തമാക്കുന്നത്.
വൈകിട്ട് ആറ് മണിയാകുന്നതോടെ ബേക്കറികളിൽ പലഹാരങ്ങൾ തയ്യാറായിരിക്കും. പിന്നാലെ ആവശ്യക്കാരുമെത്തിത്തുടങ്ങും. മലയാളി റസ്റ്റേറന്റുകളിൽ ഈ സമയത്ത് തിരക്ക് അല്പം കൂടുതലാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല, കേരളത്തിന്റെ തനത് ഇഫ്താർ വിഭവങ്ങൾ തന്നെയാണ്. മലയാളികൾക്ക് പുറമെ മറ്റ് രാജ്യക്കാരും ഇവ അന്വേഷിച്ച് ഇവിടെയെത്താറുമുണ്ട്. ഇതിൽ തലശ്ശേരി, കോഴിക്കോട് ഭാഗങ്ങളിൽ അറിയപ്പെടുന്ന എണ്ണക്കടികൾക്കാണ് ആവശ്യക്കാർ ഏറെയും.
പഴംപൊരി, സമോസ, ഉന്നക്കായ, കായ്പോള, പഴം നിറച്ചത്, കട്ലറ്റ്, കിളിക്കൂട്, ഉള്ളിവട, ഇലയട, സേമിയ അട, മീൻ അട, പരിപ്പുവട, ചിക്കൻ പെട്ടിത്തെറിച്ചത്, കോഴിയട, പരിപ്പുവട, ചിക്കനിലും ബീഫിലുമുള്ള വ്യത്യസ്‌തമായ എണ്ണക്കടികൾ തുടങ്ങിയവയ്ക്ക് വലിയ ഡിമാന്റാണുള്ളത്. ഇതിനുപുറമെ ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നാടൻവിഭവങ്ങളും ഇഫ്‌താറിന് എത്താറുണ്ട്.