ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ, വസന്ത് രവി, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ തമിഴ്ചിത്രമാണ് ‘പൊൺ ഒൻട്രു കണ്ടേൻ’. തിയേറ്ററിൽ റിലീസാവാതെ ഒ.ടി.ടിയിലൂടെയും ടെലിവിഷനിലൂടെയുമാണ് ചിത്രം റിലീസാവുക എന്നാണിപ്പോൾ പുറത്തുവരുന്ന വർത്തകൾ. നിർമാതാക്കളായ ജിയോ സ്റ്റുഡിയോസ് അണിയറക്കാരെ അറിയിക്കാതെ നടത്തുന്ന ഈ നീക്കത്തിനെതിരെ ചിത്രത്തിലെ നായകന്മാരിലൊരാളായ വസന്ത് രവി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.
“കളേഴ്സ് തമിഴ് ചാനലിലൂടെയും ജിയോ സിനിമയിലൂടെയും ചിത്രം പ്രീമിയർ ചെയ്യാനാണ് ജിയോ സ്റ്റുഡിയോസിന്റെ നീക്കം. എന്നാൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നില്ലെന്ന് അണിയറ പ്രവർത്തകർ അറിയുന്നത് റിലീസിനോടനുബന്ധിച്ചുള്ള ടിവി പ്രൊമോ എത്തിയതോടെയായിരുന്നു. ഈ നടപടി ഞെട്ടലുണ്ടാക്കിയെന്ന് വസന്ത് രവി എക്സിൽ കുറിച്ചു. ‘ഷോക്കിങ്, ഇത് സത്യമാണോ? പ്രത്യേകിച്ചും ജിയോ സ്റ്റുഡിയോസ് പോലെ പേരുകേട്ട ഒരു നിർമാണ സ്ഥാപനം ഇങ്ങനെയൊക്കെ ചെയ്യുമോ? എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ ചോദിക്കുന്നത്.
വസന്ത് രവി എക്‌സിൽ പങ്കുവച്ച കുറിപ്പ്
‘പൊൺ ഒൻട്രു കണ്ടേൻ’ എന്ന സിനിമയുടെ വേൾഡ് സാറ്റലൈറ്റ് പ്രിമിയർ പ്രമൊ കണ്ടപ്പോൾ സത്യത്തിൽ വേദനയും ദുഃഖവുമാണ് തോന്നിയത്. സിനിമയിൽ അഭിനയിച്ച ഞങ്ങളോടോ അതിന്റെ അണിയറ പ്രവർത്തകരോടോ ഇക്കാര്യത്തിൽ ഒരു വാക്കു പോലും നിർമാതാക്കൾ ചോദിച്ചിട്ടില്ല. ഞങ്ങൾ ഈ സിനിമയ്ക്കു വേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ടവരാണ്. ‘പൊൺ ഒൻട്രു കണ്ടേൻ’ സിനിമയുടെ മുഴുവൻ ടീമിനും ഇതിനെക്കുറിച്ച് പൂർണമായും അറിവില്ല. ഇക്കാര്യത്തിൽ ഞങ്ങളോടു കാണിച്ച ‘ആദരവിന്’ ജിയോ സ്റ്റുഡിയോയ്ക്കു നന്ദി.
വസന്തിന്റെ പ്രതികരണം ഇതിനോടകം തന്നെ സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അതേസമയം ടെലിവിഷൻ പ്രിമിയറിന്റെ തീയതി ജിയോ ടീം പുറത്തുവിട്ടിട്ടില്ല.