പുണ്യ റമദാൻ മാസത്തിൽ രണ്ടോ അതിലധികമോ തവണ ഉംറ നിർവഹിക്കാൻ അനുമതി നൽകാൻ കഴിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാനിൽ ഒരു തവണ ഉംറ കർമങ്ങൾ നിർവഹിച്ചാൽ മതിയാകുമെന്നും മന്ത്രാലയം പറഞ്ഞു. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണമെന്നും ആളുകൾ ഇക്കാര്യം ശ്രദ്ധിച്ചാൽ ഉണ്ടാവുന്ന നേട്ടങ്ങൾ ഒരുപാടാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
തിരക്ക് കുറയ്ക്കാനും മറ്റുള്ളവർക്ക് അവസരം നൽകാനും ലക്ഷ്യമിട്ടാണ് റമദാനിൽ ഒരു ഉംറ എന്ന നിലയിൽ പരിമിതപ്പെടുത്തുന്നത്. അതോടൊപ്പം തീർഥാടകർക്ക് മികച്ച സൗകര്യമൊരുക്കുന്നതിന് ഇത് വലിയ സഹായമാകുമെന്നും കരുതുന്നു. കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയും ചെയ്യും. ‘നുസ്ക്’ പ്ലാറ്റ്‌ഫോമിലൂടെ ഒറ്റ തവണ മാത്രമേ ഇതിനുള്ള പെർമിറ്റ് ലഭിക്കുകയുള്ളു. വീണ്ടും ശ്രമിക്കുകയാണെങ്കിൽ ആ ശ്രമം പരാജയപ്പെട്ടിരിക്കുന്നു എന്ന സന്ദേശമായിരിക്കും ലഭിക്കുകയെന്നും മന്ത്രാലയം പറഞ്ഞു.