10 വയസ്സുള്ള എമിറാത്തി ബാലൻ ഒമർ സൗദ് അൽമാലിഹിന് വെള്ളിയാഴ്ച്ച സാധാരണ ദിവസമായിരുന്നില്ല. ഒരു തവണയെങ്കിലും ദുബായ് ഇമിഗ്രേഷൻ ഓഫീസറാകാനുള്ള തൻ്റെ സ്വപ്നം സാക്ഷാത്ക്കരിച്ച ദിവസമാണ്. എമിറാത്തി ശിശുദിനത്തോടനുബന്ധിച്ചായിരുന്നു ഒമറിന് ഈ ഭാഗ്യം ലഭിച്ചത്. ബ്രൗൺ യൂണിഫോം ധരിച്ച് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ഒമർ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ (ഡിഎക്‌സ്ബി) കുട്ടികളുടെ പാസ്‌പോർട്ട് കൗണ്ടറിൽ തന്റെ കർത്തവ്യം നിർവഹിച്ചു. സ്വന്തം പ്രായത്തിലുള്ള യാത്രക്കാരുമായി ആശയവിനിമയം നടത്തി.
ഒമർ കുട്ടികളുടെ പാസ്‌പോർട്ടിൽ അറൈവൽ സ്റ്റാമ്പ് ഇടുകയും ഒരു സാധാരണ GDRFA ഓഫീസറുടെ മേൽനോട്ടത്തിൽ യാത്രയിലും സ്ഥിരീകരണ നടപടികളിലും സഹായിക്കുകയും ചെയ്തു. “കുട്ടികളുടെ യാത്രാ പ്രക്രിയ കൂടുതൽ ആസ്വാദ്യകരവും സംവേദനാത്മകവുമാക്കുന്നതിനായി” DXB-യിലെ ശിശുസൗഹൃദ പാസ്‌പോർട്ട് കൗണ്ടർ GDRFA കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. ഒമർ തൻ്റെ കടമ നന്നായി നിർവഹിക്കുകയും പ്രശംസ നേടുകയും ചെയ്തുവെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി പറഞ്ഞു. ഭാവിയിൽ ഒമർ ജിഡിആർഎഫ്എ ഓഫീസർമാരിൽ ഒരാളായേക്കാം. ദേശീയ കഴിവുകൾ വളർത്തിയെടുക്കുന്നതിലും കുട്ടികളെ പിന്തുണയ്ക്കുന്നതിലും അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ അവസരം നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കൽ
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനുമാണ് എമിറാത്തി ശിശുദിനത്തിൽ വാർഷിക പരിപാടിയിൽ ഇത്തരമൊരു അവസരം ചൈൽഡ് ഹുഡ് സുപ്രീം കൗൺസിൽ പ്രസിഡൻ്റും ഫാമിലി ഡെവലപ്‌മെൻ്റ് സുപ്രീം ചെയർപേഴ്‌സണുമായ ഷെയ്ഖ ഫാത്തിമ നിർദ്ദേശിച്ചത്.
ഒമറിന്റെ സ്വപ്നസാക്ഷാത്ക്കാരത്തെക്കുറിച്ച് പ്രമുഖർ പങ്കുവച്ച കുറിപ്പ്
“യുഎഇയിലെ കുട്ടികൾ ചെറുപ്പമാണെങ്കിലും വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. അവരുടെ വാഗ്ദാനമായ ഭാവി യുഎഇയുടെ ഭാവിയാണ് എന്ന് യുഎഇയുടെ യുവജനകാര്യ സഹമന്ത്രി കൂടിയായ യുഎഇ ബഹിരാകാശയാത്രികൻ സുൽത്താൻ അൽനെയാദി ട്വീറ്റ് ചെയ്തു
“കുട്ടികളെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന യുഎഇയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രത്യേക അവസരമാണ് എമിറാത്തി ശിശുദിനം. ഭാവിയെ രൂപപ്പെടുത്താനും ഞങ്ങളുടെ നേതൃത്വം അർപ്പിക്കുന്ന അചഞ്ചലമായ പ്രതിബദ്ധതയും കരുതലും പ്രകടിപ്പിക്കുന്ന ഒരു ദിനമാണിത്. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി (MoHAP) അബ്ദുൽറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പറഞ്ഞു
“ഓരോ വ്യക്തിയുടെയും സുരക്ഷിതമായ സങ്കേതമായി നമ്മുടെ സമൂഹത്തെ നിലനിർത്തുക. നമ്മുടെ യുവാക്കളെ ശാക്തീകരിക്കുന്ന ഒരു സംസ്കാരം പരിപോഷിപ്പിക്കുക. നമ്മുടെ രാജ്യത്തിൻ്റെ മൂല്യങ്ങളുടെയും ബോധപൂർവമായ സമ്പ്രദായങ്ങളുടെയും മികവ് ഉയർത്തിപ്പിടിക്കുക,” ഷാർജയിലെ ശിശു സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ ഹനാദി അൽ യാഫി പറഞ്ഞു.